ആലപ്പുഴ : തോട്ടപ്പള്ളി സൗത്ത് പമ്പ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ആർ.ഒ പ്ലാന്റിൽ നിന്ന് ലഭിക്കുന്ന വെള്ളം ചെളിയും തുരുമ്പും കലർന്നതാണെന്ന് പരാതി.പ്ളാന്റിന്റെ ഫിൽട്ടറിംഗ് സംവിധാനം തകരാറിലായതാണ് വെള്ളത്തിൽ മാലിന്യം കലരാൻ കാരണം. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജല അതോറിട്ടിക്ക് പല തവണ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഏഴു വർഷം മുമ്പാണ് ജല അതോറിട്ടി ഇവിടെ ആർ.ഒ പ്ളാന്റ് സ്ഥാപിച്ചത്. ആറ് മാസത്തിൽ ഒരിക്കൽ ഗുണനിലവാര പരിശോധന നടത്തണമെന്ന നിർദ്ദേശം പാലിക്കാതെയാണ് കുടിവെള്ളവിതരണം നടത്തുന്നതെന്നും ആരോപണമുണ്ട്.
പുറക്കാട്, കരുവാറ്റ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ നൂറ് കണക്കിന് പേരാണ് ആർ.ഒ പ്ളാന്റിൽ നിന്ന് വെള്ളം ശേഖരിക്കാൻ ദിവസവും രാവിലെയും വൈകിട്ടും ഇവിടെയെത്തുന്നത്. മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നത്തിനിടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ആർ.ഒ പ്ലാന്റുകൾ പൂട്ടി പിഴചുമത്താനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടെങ്കിലും പഞ്ചായത്തും നടപടിയെടുക്കാൻ മടിക്കുകയാണ്.
" സ്വകാര്യ ആർ.ഒ പ്ളാന്റുകളെ സഹായിക്കാൻ വേണ്ടിയാണ് സർക്കാർ സംവിധാനത്തിലുള്ള സൗജന്യ കുടിവെള്ളവിതരണം മുടക്കുന്നത് . പ്ളന്റിന്റെ തകരാർ പരിഹരിക്കാനും പരിസരം ശുചീകരിക്കാനും പഞ്ചായത്തും വാട്ടർ അതോറിട്ടിയും മുൻകൈയെടുക്കണം.
- കെ.വേണുഗോപാൽ, പൊതുപ്രവർത്തകൻ.