# ഇഴജന്തുക്കളെ ഭയന്ന് യാത്രികർ
ആലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേ പാലത്തിലും സമാന്തര നടപ്പാലത്തിലും വളർന്നിറങ്ങിയ കുറ്റിക്കാടുകളിലെ ഇഴജന്തുക്കൾ കാൽനട യാത്രക്കാർക്ക് ഭീഷണിയാവുന്നു. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം നടപ്പാത ഉപയോഗിക്കുന്നത്.
ദേശീയപാത നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷത്തിലൊരിക്കൽ കുറ്റിക്കാടുകൾ വെട്ടിമാറ്റിയിരുന്നു. ദേശീയപാത ആറുവരിപ്പാതയാക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ ദേശീയപാത അതോറിട്ടി നിലവിൽ ഫണ്ട് അനുവദിക്കാത്തതാണ് ഈ പ്രവൃത്തികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്പിൽവേ പാലത്തിൽ കാൽനട യാത്രികർ നിരന്തരം അപകടത്തിൽപ്പെടുന്നതിന് പ്രതിവിധിയായിട്ടാണ് സമാന്തരപാലം നിർമ്മിച്ചത്. പല്ലന, തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂളുകളിലെ കുട്ടികൾ സ്പിൽവേ പാലത്തിലെ 'വാഹന ഭീഷണി'യിൽ നിന്ന് സുരക്ഷിതരായി സഞ്ചരിക്കുന്നത് നടപ്പാലത്തിലൂടെയാണ്. പക്ഷേ, പാലത്തിലെ കുറ്റിക്കാട്ടിൽ അണലി ഉൾപ്പെടെയുള്ളവയെ പലതവണ കണ്ടത് ഭീതി പരത്തുകയാണ്. ഇവ സ്പിൽവേ പാലത്തിലേക്ക് ഇറങ്ങുന്നത് ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ്.
സ്പിൽവേയിലെ സമാന്തരപാലത്തിൽ കാൽനട യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന കുറ്റിക്കാടുകൾ അടിയന്തിരമായി പൊതുമരാമത്ത് വകുപ്പോ ജലസേചന വകുപ്പോ വെട്ടിമാറ്റണം. മുമ്പ്, എല്ലാ വർഷവും ഇവ വെട്ടിമാറ്റിയിരുന്നതാണ്
സുദർശനൻ, പ്രസിഡന്റ്, പുറക്കാട് പഞ്ചായത്ത്
സമാന്തര പാലത്തിലെയും സ്പിൽവേയിലെയും കുറ്റിക്കാടുകൾ വെട്ടിമാറ്റാൻ പഞ്ചായത്ത് മുൻകൈയെടുക്കണം. പൊതുമരാമത്ത്, ജലസേചന വകുപ്പുകളെ നിയോഗിച്ച് പദ്ധതി നടപ്പാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.
പ്രതാപൻ, പ്രദേശവാസി, തോട്ടപ്പള്ളി