കായംകുളം: കായംകുളത്ത് സ്വന്തമായുള്ള ഗവ.ഐ.ടി.ഐ കെട്ടിടത്തിനായി കാത്തിരിപ്പ് നീളുന്നു. വർഷം പന്ത്രണ്ടായിട്ടും ഗവ. ഐ.ടി.ഐയ്ക്ക് കെട്ടിടം പണിയുവാൻ സ്ഥലം ഏറ്റെടുത്തു നൽകുവാൻ നഗരസഭയ്ക്ക് കഴിയാത്തതാണ് കെട്ടിട നിർമ്മാണം ഇഴയുന്നത്. നിലവിൽ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സിലെ മുകൾ നിലയിൽ കടമുറികൾക്കിടെ ശ്വാസംമുട്ടി പ്രവർത്തിക്കുകയാണ് ഐ.ടി.ഐ. നിർദ്ദിഷ്ട സ്ഥലത്തിൻമേൽ ഭൂമാഫിയ പിടിമുറിക്കിയതാണ് സ്ഥലമെടുപ്പ് നീണ്ടുപോകുന്നതിന് കാരണം. സ്ഥലം കണ്ടെത്താത്തതിനാൽ അഡ്മിഷൻ നിറുത്തി ഐ.ടി.ഐ അടച്ച് പൂട്ടാൻ തൊഴിൽ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. അന്ന് എം.എൽ.എ ആയിരുന്ന സി.കെ.സദാശിവന്റെ നേതൃത്വത്തിൽ അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് നൽകുമെന്ന നഗരസഭയുടെ ഉറപ്പിലാണ് ഐ.ടി.ഐയ്ക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയത്.
റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള വെട്ടത്തയ്യത്ത് വയൽ ഐ.ടി.ഐയ്ക്കും സ്റ്റേഡിയത്തിനും ഏറ്റെടുക്കുവാനാൻ 2014 ലെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതിനായുള്ള തുക ജില്ലാ കളക്ടറുടെ വർക്ക് ഡിപ്പോസിറ്റ് ഫണ്ടിലേക്ക് അടച്ചുവെങ്കിലും കെട്ടിട നിർമ്മാണത്തിന് ഭൂ മാഫിയയ്ക്ക് അനുകൂലമായ നിലപാടാണ് നഗരസഭ സ്വീകരിച്ചത്. 3.5 കോടി രൂപയാണ് നഗരസഭ അടച്ചത് .ഇതിൽ ഐ.ടിഐയ്ക്ക് 75 ലക്ഷവും സ്റ്റേഡിയത്തിന് 1.25 കോടിയുമാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റിയത്.
അതിന് ശേഷം വന്ന ഭരണ നേതൃത്വം അർജന്റ് ക്ലെയിം എന്ന വിഭാഗത്തിലേക്ക് മാറ്റി കത്ത് നൽകിയതാണ് വസ്തു ഏറ്റെടുക്കാൻ തടസമായത്. കായംകുളം വില്ലേജിൽ റീ സർവേ നമ്പർ 113/26, 139/48, 139/49 ൽപ്പെട്ട 40.47 ആർസ് ഭൂമി, 2013 ലെ ഭൂനിയമ പ്രകാരവും നഗരസഭ കൗൺസിൽ തീരുമാന പ്രകാരവും ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിൽ നിന്നും 2014 ൽ ഉത്തരവും ലഭിച്ചിരുന്നു. എന്നാൽ പ്രസ്തുത സ്ഥലത്തിന്റെ ഉടമകൾ സമ്മതപത്രം നൽകുന്നതിന് കാലതാമസം വരുത്തിയത് മൂലം സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കുന്നതിന് സാധിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
.......
മനഃപൂർവമായ വീഴ്ചയാണ് നഗരസഭ ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും സ്വീകരിച്ചിട്ടുള്ളത്.സ്വാധീനത്തിന് വഴങ്ങി സ്ഥലത്ത് കെട്ടിടനിർമ്മാണത്തിന് അനുമതി നൽകി.
യു.മുഹമ്മദ്. മുൻ കൗൺസിലർ.