a
ചെട്ടികുളങ്ങര ഭാഗത്ത് കാടുകയറി കിടക്കുന്നപമ്പാ ജലസേചനപദ്ധതയുടെ കനാല്‍

മാവേലിക്കര : കോടികൾ മുടക്കി 1980 ൽ നിർമ്മാണം ആരംഭിച്ച് 1990ൽ കമ്മിഷൻ ചെയ്ത പമ്പാ ജലസേചന പദ്ധതിയുടെ കനാൽ കാടുകയറിയും മാലിന്യം നിറഞ്ഞും നശിക്കുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലൂടെ കടന്നുപോകുന്ന പി.ഐ.പി കനാലിന്റെ ഭാഗമാണ് കാടുമൂടിയത്.
വേനൽക്കാലത്ത് കരിപ്പുഴ, ഏവൂർ പുഞ്ച പാടങ്ങളിലേക്കുള്ള ജലസേചനം മുന്നിൽക്കണ്ടും കിണറുകളിലും കുളങ്ങളിലും തോടുകളിലും ഉറവ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കനാൽ നിർമ്മിച്ചത്. എന്നാൽ, കമ്മീഷൻ ചെയ്തതിന് ശേഷം പ്രധാന കനാലിൽ കൂടി വെള്ളമൊഴുക്കിയത് ചുരുക്കം നാളുകളിൽ മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

പഞ്ചായത്തിലെ വേമ്പനാട്ടുമുക്ക്, ഭഗവതിപ്പടി വഴി കരിപ്പുഴ, ഏവൂർ പുഞ്ചകൾ കടന്ന് ദേശീയപാതയ്ക്കു പടിഞ്ഞാറ് അവസാനിക്കുന്ന കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. കല്ലുമല ഉമ്പർനാട് ഭാഗത്തു കനാൽ ചോർന്ന് മുമ്പ് കൃഷിനാശമുണ്ടായതിനെ തുടർന്ന് പടിഞ്ഞാറുഭാഗത്തേക്കു വെള്ളം തുറന്നുവിടുന്നത് നിർത്തിവച്ചു. ഇതോടെ കനാൽ കടന്നുപോകുന്ന ചെട്ടികുളങ്ങര പഞ്ചായത്തിലെ പലഭാഗങ്ങളിലും കൃഷിയിറക്കുന്നതും കർഷകർ അവസാനിപ്പിച്ചു. ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് ചോർച്ചയടയ്ക്കാനുള്ള നടപടികൾ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. പമ്പയാറിന്റെ ഇടതും വലതും ഭാഗങ്ങളിലാണ് കനാലുകൾ നിർമ്മിച്ചത്. ഇടതുകര കനാലാണ് തെക്കേക്കര, ചെട്ടികുളങ്ങര, പത്തിയൂർ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്.

30വർഷമായിട്ടും വർദ്ധിപ്പിക്കാതെ

നവീകരണത്തിനുള്ള തുക
30 വർഷം മുമ്പ് 3.5 കോടി രൂപയായിരുന്നു ഇടതു, ​വലതുകര കനാലുകളുടെ വാർഷിക നവീകരണത്തിനായി അനുവദിച്ചിരുന്നത്. ഇന്നും അതേ ഫണ്ട് തന്നെയാണ് സർക്കാർ അനുവദിക്കുന്നത്. മാറിയ സാഹചര്യത്തിൽ ഈ തുക നവീകരണത്തിന് പര്യാപ്തമല്ല.
തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കാടുവെട്ടിത്തെളിച്ച് ജലസേചനം നടത്തണമെന്നാവശ്യപ്പെട്ട് പി.ഐ.പി ഓഫീസിൽ നിന്ന് പഞ്ചായത്തിനു കത്ത് നൽകാറുണ്ടെങ്കിലും ആവർത്തനസ്വഭാവമുള്ള ജോലിയായതിനാൽ ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
കനാലിന്റെ മേൽനോട്ടച്ചുമതല വഹിച്ചിരുന്ന മാവേലിക്കര പി.ഐ.പി സെക്ഷൻ ഓഫീസ് നാലുവർഷം മുൻപ് നിർത്തലാക്കുകയും കോഴഞ്ചേരി സെക്ഷനു ചുമതല നൽകുകയും ചെയ്തതോടെ പി.ഐ.പി കനാലിനെ ഉദ്യോഗസ്ഥരും അവഗണിച്ചു.