ambala
ബേബി യെ ആലപ്പുഴ മെഡി. ആശുപത്രി​യി​ൽ നി​ന്ന് ആറന്മുള കിടങ്ങന്നൂരിലുള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റി​ലേക്ക് മാറ്റുന്നു

അമ്പലപ്പുഴ: മെഡി​. ആശുപത്രി​യി​ലെ മൂന്നു മാസ ചി​കി​ത്സയ്ക്കൊടുവി​ൽ പോകാൻ ഇടമി​ല്ലാതി​രുന്ന ബേബി​ക്ക് (70) കരുണാലയം ചാരി​റ്റബി​ൾ ട്രസ്റ്റ് ആശ്രയമായി​. ഓച്ചിറ സ്വദേശിയായ ബേബിയെ ആറന്മുള കിടങ്ങന്നൂർ കേന്ദ്രമായി​ പ്രവർത്തി​ക്കുന്ന കരുണാലയം ചാരിറ്റബിൾ ട്രസ്റ്റാണ് ഏറ്റെടുത്തത്.

ഓച്ചിറ പുതുപ്പള്ളിയിലായിരുന്നു ബേബിയുടെ കുടുംബം. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരണമടഞ്ഞു. ഇരുപത്തിയെട്ടാമത്തെ വയസിൽ നാടുവി​ട്ടു. തീർത്ഥാടന കേന്ദ്രങ്ങളി​ലായി​രുന്നു താമസം. വാർദ്ധക്യ കാലത്ത്‌ അസുഖ ബാധിതനായപ്പോൾ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തി​. യൂറോളജി സംബന്ധമായ അസുഖവുമായി ആശുപത്രിയിലെത്തിയ ബേബിക്ക്, വിദഗ്ദ്ധ പരിശോധനയിൽ കാൻസറും സ്ഥി​രീകരി​ച്ചു. ഇതിനിടെ രണ്ട്‌ കാലുകളുടെയും ചലന ശേഷി നഷ്ടമായി. ആശുപത്രി​യി​ലെ യൂറോളജി വിഭാഗം തലവൻ ഡോ.നാസറിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും നഴ്സുമാരായ അലീന, ബീനാജോൺ, വിചിത്ര, ഷിനിമോൾ എന്നിവരുടെയും പരി​ചരണണത്തി​ൽ ഭാഗികമായി സുഖം പ്രാപിച്ച ബേബി, ഡിസ്ചാർജ്ജിനു ശേഷം എവിടേക്ക്‌ പോകുമെന്നറിയാതെ വിഷമിക്കുകയായിരുന്നു.

പൊതുപ്രവർത്തകനായ യു.എം. കബീർ ആറന്മുള കിടങ്ങന്നൂരിലുള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ അബ്ദുൽ അസീസിനെ വിവരമറിയിച്ചതോടെയാണ് വഴി​ തെളി​ഞ്ഞത്. യു.എം. കബീർ, ആശുപത്രി ജീവനക്കാരായ ഒ.ബെന്നി,കാർത്തികേയൻ, അമ്പി​ളി എന്നിവർ ചേർന്ന് ബേബി​യെ യാത്രയാക്കി​. കരുണാലയത്തിലെത്തിയ ബേബിയെ ചെയർമാൻ അബ്ദുൽ അസീസും, പി.ആർ.ഒ അഞ്ജുവും ചേർന്ന് സ്വീകരി​ച്ചു.