മവേലിക്കര: ഗാന്ധിജയന്തി ദിനത്തിൽ സമാധാനത്തിന്റെ സന്ദേശം പകരാൻ പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റും ഗാന്ധി പ്രചാരകനും ഗാന്ധി പ്രതിമ നിർമാതാവുമായ ബിജു ജോസഫ്, അമേരിക്കയിലെ മിനിസോട്ട ഇന്റർനാഷണൽ പീസ് ഫൗണ്ടേഷൻ ഭാരവാഹികളായ പിൽ, മരിയ എന്നിവർക്ക് സബർമതിയിലെ മണ്ണ് അടങ്ങിയ ഗാന്ധി പ്രതിമയും ഗാന്ധിജിയുടെ ചിത്രവും നൽകി. മവേലിക്കര ബിജുവില്ലയിൽ ബിജു ജോസഫ് ഇത് രണ്ടാം തവണയാണ് ഗാന്ധി പ്രതിമകളുമായി അമേരിക്കയിൽ എത്തുന്നത്.
പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2437-ാം ഗാന്ധി പ്രതിമ മിനിസോട്ടയിൽ ജൂൺ ഒന്നിന് സ്ഥാപിച്ചിരുന്നു.
സബർമതിയിലെ ഒരു പിടി മണ്ണ് അടക്കം ചെയ്ത പ്രതിമയാണ് ഇവിടെയും സ്ഥാപിച്ചത്. അമേരിക്കയിലെ ഇന്ത്യൻ അസോസിയേഷൻ ഒഫ് മിനിസോട്ടയുടെ ക്ഷണപ്രകാരം മിനിഹാഹ അസോസിയേഷൻ ആസ്ഥാനത്താണ് രണ്ടര അടി ഉയരമുള്ള അർദ്ധകായ പ്രതിമ സ്ഥാപിച്ചത്. ചിക്കഗോ, ടെക്സാസ്, ലോസ് ആഞ്ചലസ് ഇന്ത്യൻ അസോസിയേഷനുകളിൽ ഒന്നര അടി ഉയരമുള്ള പ്രതിമകളും സ്ഥാപിക്കുമെന്ന് ബിജു പറഞ്ഞു. 2018ൽ ന്യൂയോർക്കിലായിരുന്നു അമേരിക്കയിൽ ബിജു ആദ്യമായി ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഇസ്രയേൽ, സൗദ്യ അറേബ്യ അടക്കം വിവിധ വിദേശ രാജ്യങ്ങളിലായി നൂറിലേറെ ഗാന്ധി പ്രതിമകൾ എത്തിച്ചിട്ടുണ്ട്. സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ബിജു സ്ഥാപിച്ച പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കേരളത്തിലെ കളക്ടറേറ്റുകൾ, വിദ്യാലയങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോടതികൾ, ആദിവാസി മേഖലകൾ, ഡി.ജി.പിയുടെ ഓഫീസ്, മന്ത്രിമാരുടെ ഓഫീസുകൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ പ്രതിമകൾ ബിജു സ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേൽ, പലസ്തീൻ രാഷ്ട്രത്തലവൻമാർക്ക് സമാധാന സന്ദേശത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമകൾ അയച്ചു നൽകിയും ശ്രദ്ധേയനായി.
മഹാത്മാഗാന്ധിയുടെ ചെറുമകൾ ഇള ഗാന്ധി, ചെറുമകൻ തുഷാർ ഗാന്ധി, ഗാന്ധിജി കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി വി. കല്യാണം എന്നിവരിൽ നിന്നു പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജെമാ ജോൺ ആണ് ഭാര്യം. ഗാന്ധിജിയോടുള്ള ആരാധന കാരണം മകന് ഗാന്ധി ജോസഫ് ജോൺ എന്നാണ് പേരിട്ടത്. മകൾ: അമല ജോൺ.