s

ആലപ്പുഴ: അപ്രതീക്ഷിത വേനൽ മഴയും നെല്ലു സംഭരിക്കാതെ മില്ലുകാർ ഉടക്കി നിൽക്കുന്നതും രണ്ടാം കൃഷിയിറക്കിയ കുട്ടനാട്, അപ്പർ കുട്ടനാട് പാടങ്ങളിൽ ആശങ്ക വിതയ്ക്കുന്നു. കൊയ്ത്തു തുടങ്ങി ഒരാഴ്ച പിന്നിട്ടതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.

മഴയിൽ നനഞ്ഞ് നെല്ല് കിളിർക്കാനുള്ള സാദ്ധ്യതയുണ്ട്. അടുത്ത രണ്ട് ദിവസം കനത്ത മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കുട്ടനാട്ടിൽ മൂന്ന് പാടശേഖരങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും നെല്ല് സംഭരിക്കാൻ സിവിൽ സപ്ളൈസ് കോർപ്പറേഷനുമായി ഒരു മില്ലുപോലും കരാറിൽ എത്തിയിട്ടില്ല. കഴിഞ്ഞ പുഞ്ചയിൽ 54ഉം രണ്ടാംകൃഷികാലത്ത് 30ഉം മില്ലുകാർ നെല്ല് സംഭരിക്കാൻ രംഗത്തുണ്ടായിരുന്നു. സംഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഭക്ഷ്യ, ധന മന്ത്രിമാർ മില്ലുടമകളുമായി ചർച്ച നടത്തിയെങ്കിലും കുടിശ്ശിക തുകയിലുൾപ്പെടെ സർക്കാർ വ്യക്തമായ മറുപടി നൽകാത്തതിനാലാണ് മില്ലുകാർ താത്പര്യം കാട്ടാത്തതെന്ന് ആക്ഷേപമുണ്ട്.

നെല്ല് വരമ്പത്ത്

കരുവാറ്റ ഈഴാങ്കേരി കിഴക്ക്, എടത്വ വടകര, ചമ്പക്കുളം പാട്ടത്തിൽ വരമ്പിനകം പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. പാടങ്ങളിൽത്തന്നെ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. 350 ഏക്കർ വിസ്തൃതിയുള്ള ഈ പാടശേഖരത്ത് കഴിഞ്ഞ 25നാണ് വിളവെടുപ്പ് തുടങ്ങിയത്. 190 കർഷകരുടെ ഉടമസ്ഥതയിലുള്ള പാടശേഖരമാണിത്. തെക്കുഭാഗം തോട്ടപ്പള്ളി സ്പിൽവേ ചാനൽ, കിഴക്ക് ദേശീയ ജലപാത, വടക്ക് തോടും പടിഞ്ഞാറ് തീരദേശ റെയിൽപാതയുമാണ്. സീസണിൽ ആദ്യം കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിന്റെ അവസ്ഥ ഇതായതോടെ ശേഷിക്കുന്ന പാടങ്ങൾ വല്ലാത്ത ഭീഷണിയിലായി.

മില്ലുകാരുടെ ആവശ്യം

* പ്രളയത്തിനുമുമ്പ് മില്ലുകളിൽ നിന്ന് വിതരണം ചെയ്ത അരിയുടെ കൈകാര്യച്ചെലവായ 4.96 കോടി ഉൾപ്പെടെ 15 കോടി ഉടൻ നൽകണം

* സർക്കാർ നിയമിച്ച കമ്മിറ്റി തീരുമാനം അനുസരിച്ച് ക്വിന്റലിന് 272 രൂപ കൈകാര്യച്ചെലവ് നൽകണം

* 2017 മുതലുള്ള കൈകാര്യച്ചെലവിന്റെ ജി.എസ്.ടി അടയ്ക്കണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ല

* ഔട്ട് ടേൺ റേഷ്യോ സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ പശ്ചത്തലത്തിൽ സംസ്കരണ തോത് സംബന്ധിച്ച് തീരുമാനമെടുക്കണം

മന്ത്രിതല യോഗത്തിൽ അസോസിയേഷൻ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങൾക്ക് സർക്കാർ ഉറപ്പ് നൽകാതെ നെല്ല് സംഭരണം ആരംഭിക്കില്ല

വർക്കി പീറ്റർ, ജനറൽ സെക്രട്ടറി, കേരള റൈസ് മില്ലന്നഴ്സ് അസോസിയേഷൻ

നെല്ല് സംഭരണത്തിൽ നിന്ന് മില്ലുടമകൾ പിന്മാറിയ സാഹചര്യത്തിൽ വിഷയത്തിൽ കൃഷിമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തണം. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് മില്ലുടമകളെ നെല്ല് സംഭരണത്തിന് ചുമതലപ്പെടുത്തണം

ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ