കായംകുളം: കായംകുളം നഗരസഭയുടെ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ളക്സിലും മാർക്കറ്റിലും വാടക കുടിശിക വരുത്തിയ ഏഴ് കടകൾ നഗരസഭാധികൃതർ പൂട്ടി. വർഷങ്ങളായി വാടക കൊടുക്കാതെ ഏഴും എട്ടും ലക്ഷം രൂപ വാടക കുടിശിക വരുത്തിയ കടകളാണ് കൗൺസിൽ തീരുമാന പ്രകാരം പൂട്ടിയതെന്ന് ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.
പൂട്ടിയ കടകളിൽ അഞ്ചെണ്ണത്തിലെ വാടകക്കാർ പണം അടയ്ക്കാൻ തയ്യാറായി വരുകയും തവണകളായി അടയ്ക്കാനുള്ള അനുമതി ചോദിക്കുകയും ചെയ്തതിനെ തുടർന്ന് ആ കടകൾ പിന്നീട് തുറന്നു കൊടുത്തു. വാടക കുടിശികയുള്ളതും ലൈസൻസില്ലാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ, വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയാൽ നിയമപരമായി നേരിടുമെന്ന് വ്യാപാരി വ്യാവസായി ഏകോപനസമിതി കായംകുളം യൂണിറ്റ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.