കായംകുളം: കായംകുളം നഗരസഭയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സമ്പൂർണ ഖരമാലിന്യ സംസ്ക്കരണ പരിപാടിയ്ക്ക് ഇന്ന് തുടക്കമാകും. ശുചിത്വ ഭവനം ശുചിത്വ നഗരം എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി 2023 ഒക്ടോബർ 2നാണ് പൂർത്തീകരിക്കുക.
കായംകുളം നഗരപരിധിയിലെ എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്ക്കരണത്തിനുള്ള ഉറവിടമാലിന്യ സംസ്ക്കരണ ഉപാധികൾ വിതരണം ചെയ്യുന്നതിനും, ഹരിതകർമ്മസേന വഴി 100% അജൈവ മാലിന്യ ശേഖരണത്തിനും പദ്ധതി വിഭാവനം ചെയ്യുന്നു. സംസ്ഥാന സർക്കാർ കെൽട്രോണുമായി സഹകരിച്ച് രൂപകല്പന ചെയ്ത ഹരിതമിത്രം എന്ന മൊബൈൽ ആപ്ലിക്കേഷനും എല്ലാ സ്ഥാപനങ്ങളിലും, വീടുകളിലും നടപ്പാക്കും. മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി ചെടികൾ വച്ച് പിടിപ്പിച്ച്, “മാലിന്യ രഹിത പാതയോരങ്ങൾ” സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു.