
റിക്രിയേഷൻ ഗ്രൗണ്ടിലെ ഹോട്ട് എയർ ബലൂൺ പറക്കൽ പൊളിഞ്ഞു
ആലപ്പുഴ: കാറ്റും മഴയും വിലങ്ങുതടിയായതോടെ, ആലപ്പുഴ ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനെത്തിച്ച ഹോട്ട് എയർ ബലൂണിന്റെ പറക്കൽ പിഴച്ചു.
ഇന്നലെ രാവിലെ 7നാണ് റൈഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മഴ മൂലം വൈകിട്ട് 3 ലേക്ക് മാറ്റിയെങ്കിലും 6 വരെ തുടർന്ന ട്രയൽ ശ്രമങ്ങൾ വിഫലമായി. ഇതോടെ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ചേർന്ന് സ്പോൺസർമാരുടെ സഹകരണത്തോടെയാണ് ആലപ്പുഴയിൽ ഹോട്ട് എയർ ബലൂൺ റൈഡ് ആരംഭിക്കാനൊരുങ്ങിയത്.
15 മിനുട്ട് പറക്കാൻ 1,000 രൂപയാണ് ഫീസ്. ഒരേസമയം നാലുപേർക്ക് യാത്ര ചെയ്യാം. കാലാവസ്ഥ അനുകൂലമെങ്കിൽ 200 അടി ഉയരത്തിൽ വരെ ബലൂണിൽ പറക്കാനാകും. സാഹസിക സഞ്ചാര മേഖലയിൽ പ്രശസ്തരായ പെർഫെക്ട് ടെൻസ് അഡ്വഞ്ചേഴ്‌സാണ് ബലൂൺ റൈഡിന്റെ ഓപ്പറേറ്റർമാർ.
പാലം പോയ വഴി കണ്ടില്ല
വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന പ്രതീക്ഷയിൽ ബീച്ചിലെത്തിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ്, വന്നതിലും വേഗത്തിലാണ് ചുരുട്ടിക്കെട്ടിയത്. ഫ്ലോട്ടിംഗ് പാലം സ്വകാര്യ സംരംഭമായിരുന്നു. സുരക്ഷ സംബന്ധമായ കാരണങ്ങളാൽ അനുമതി നിഷേധിക്കപ്പെട്ടതോടെ പാലവുമായി ഏജൻസി പമ്പകടന്നു. സർക്കാർ സംവിധാനത്തിലൊരുങ്ങുന്ന ബലൂൺ റൈഡ് എങ്കിലും യാഥാർത്ഥ്യമാകുമോ എന്നാണ് ഇനിയുള്ള കാത്തിരിപ്പ്.
# ക്രിക്കറ്റിനു നേരെ യോർക്കർ!
ഞായർ ഒഴികെ എല്ലാദിവസവും രാവിലെ 7ന് റിക്രിയേഷൻ ഗ്രൗണ്ടിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കാറുണ്ട്. എന്നാൽ ബലൂൺ റൈഡ് വന്നതോടെ ക്രിക്കറ്റിന് അനുമതി അനുമതി നിഷേധിച്ചു. ഇ എം.എസ് സ്‌റ്റേഡിയം ഉൾപ്പെടെ കായിക സ്വപ്നങ്ങൾ നിറവേറാതെ പോയ ആലപ്പുഴയിലെ ഏക പ്രതീക്ഷയായ റിക്രിയേഷൻ ഗ്രൗണ്ടുകൂടി നഷ്ടമാകു
മോ എന്ന ആശങ്കയിലാണ് കായിക പ്രേമികൾ.
വളരെ വെല്ലുവിളി നേരിട്ടാണ് ഹോട്ട് ബലൂൺ റൈഡ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് റൈഡ് ആരംഭിക്കും
ഡി.ടി.പി.സി സെക്രട്ടറി, ആലപ്പുഴ