 
മാന്നാർ: കറണ്ട് പോയാൽ മാന്നാറുകാരുടെ കണ്ണിൽത്തെളിയുന്ന മുഖമായിരുന്ന സബ് എൻജിനീയർ ജോജി ജോർജ് 27 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കെ.എസ്.ഇ.ബി.യിൽ നിന്ന് വിരമിച്ചു.
മാന്നാർ കുട്ടംപേരൂർ വെട്ടത്തേത്ത് ഫെബിൻ വില്ലയിൽ ജോജി ജോർജ് ആയിരുന്നു മാന്നാറിൽ കെ.എസ്.ഇ.ബിയുടെ പ്രധാന പ്രതിനിധി. ഏതു പാതിരാത്രി വിളിച്ചാലും യാതൊരു മുഷിപ്പുമില്ലാതെ ഉപഭോക്താക്കൾക്കൊപ്പം നിൽക്കുന്ന പ്രകൃതക്കാരനായിരുന്ന ജോജിയുടെ സേവന തത്പരതയ്ക്ക് അംഗീകാരങ്ങളേറെ ലഭിച്ചിട്ടുണ്ട്.
കടപ്ര ഇലക്ട്രിക് സെക്ഷനിൽ നാലുവർഷത്തെ സേവനത്തിനൊടുവിലാണ് സ്വന്തം നാട്ടിലെത്തിയത്. 2018 ലെ വെള്ളപ്പൊക്ക സമയം നാടു മുഴുവൻ ഇരുട്ടിലായപ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച് ആ രാത്രിയിൽ തന്നെ വൈദ്യുതി പുനസ്ഥാപിച്ചത് ജോജിയുടെ നേതൃത്വത്തിലായിരുന്നു. സെക്ഷനുകളിൽ വരുന്ന പരാതികൾ കൃത്യമായി പരിഹരിക്കാൻ ജോജി മുൻകൈയെടുത്തു. കേരളത്തിലെ 700 വൈദ്യുത സെക്ഷനുകളിൽ 2021 നവംബർ മാസത്തെ റാങ്കിംഗിൽ മാന്നാർ സെക്ഷന് ഒന്നാം സ്ഥാനം നേടാനായതിൽ പ്രധാന പങ്കു വഹിച്ചത് ജോജിയാണ്.
നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാന്നാർ ഫേസ്ബുക്ക് കൂട്ടായ്മയിലും നിറസാന്നിദ്ധ്യമായ ജോജിയുടെ വിരമിക്കൽ ചടങ്ങിൽ നിരവധിപേരെത്തിയിരുന്നു. കുട്ടംപേരൂർ വൈ.എം.സി.എ പ്രസിഡന്റ് കൂടിയാണ്.
സിജി ജോജിയാണ് ഭാര്യ. മക്കൾ: ഫെബിൻ ജോജി (മാവേലിക്കര 110 കെ.വി സബ് സ്റ്റേഷൻ ഓപ്പറേറ്റർ),ഫെനിയ അന്നാ ജോജി (ബി ഫാം വിദ്യാർത്ഥിനി).