
ഒരു വർഷത്തിനിടെ ആരംഭിച്ചത് 9,666 സംരംഭങ്ങൾ
ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയിൽ അമ്പത് ശതമാനം നേട്ടം കൈവരിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ആലപ്പുഴ. ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ 9,666 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
4,874 (50%) സംരംഭങ്ങൾ ഇതിനകം ആരംഭിച്ചു. ഇതിൽ നിന്ന് 267.07 കോടി രൂപയുടെ നിക്ഷേപവും 10,252 പേർക്ക് തൊഴിലും കണ്ടെത്താനായി. ഉത്പാദന മേഖലയിൽ 939, സേവന മേഖലയിൽ 1,712, തൊഴിൽ മേഖലയിൽ 2,223 എന്നിങ്ങനെയാണ് സംരംഭങ്ങൾ ആരംഭിച്ചത്. പദ്ധതി പുരോഗതി ഏറ്റവും കൂടുതൽ മാവേലിക്കര താലൂക്കിലാണ്, 56.28 ശതമാനം. ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് കാർത്തികപ്പള്ളി താലൂക്കിലാണ്, 1170. ബ്ലോക്ക് തലത്തിൽ മുതുകുളവും പഞ്ചായത്ത് തലത്തിൽ തഴക്കരയും നഗരസഭ തലത്തിൽ കായംകുളവുമാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം വിവിധ നിയോജക മണ്ഡലങ്ങളിൽ എം.എൽ.എ.മാരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങളും നടത്തി. 2022- 23 സാമ്പത്തിക വർഷത്തെ സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി 120 സംരംഭങ്ങൾക്കുള്ള സബ്‌സിഡി ആനുകൂല്യമായി 3.48 കോടി അനുവദിച്ചിട്ടുണ്ട്. കളക്ടർ വി.ആർ.കൃഷ്ണതേജ അദ്ധ്യക്ഷനായും ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ കൺവീനറുമായ ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ബ്ളോക്ക് തലത്തിലെ സംരംഭങ്ങൾ
മുതുകുളം.........497
തഴക്കര.............103
നഗരസഭ
കായംകുളം........226