മാന്നാർ: ബുധനൂർ കടമ്പൂർ ശ്രീ ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി വിജയദശമി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് പൂജവെയ്പ്, ദീപാരാധന. ദുർഗ്ഗാഷ്ടമി ദിവസമായ നാളെ രാവിലെ ഗ്രന്ഥപൂജ, വൈകിട്ട് 6ന് ഭഗവതിസേവ, ദീപാരാധന. ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം, ആയുധപൂജ, വൈകിട്ട് 6ന് ഭഗവതിസേവ, ദീപാരാധന. ബുധനാഴ്ച വിജയദശമി ദിവസം ഗണപതിഹോമം, സരസ്വതി പൂജ എന്നിവയ്ക്ക് ശേഷം രാവിലെ 8.30 ന് പൂജയെടുപ്പും വിദ്യാരംഭവും. കവിയും സംസ്ഥാന ഫോക് ലോർ അക്കാദമി ചെയർമാനുമായ ഒ.എസ് ഉണ്ണികൃഷ്ണൻ കുട്ടികളെ എഴുത്തിനിരുത്തും.

തുടർന്ന് ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകിട്ട് 5ന് സർവൈശ്വര്യപൂജക്ക് ക്ഷേത്രം മേൽശാന്തി മഹേശ്വർ പോറ്റി ഭദ്രദീപം തെളിയിക്കും. വൈകിട്ട് 5.45 ന് വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിവരെയും, കലാ​ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ പി .എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് അനന്തൻ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി കെ.മോഹൻദാസ്, യൂണിയൻ കമ്മിറ്റിയംഗം അഖിൽ എന്നിവർ സംസാരിക്കും. കരയോഗം സെക്രട്ടറി സുരേഷ്‌കുമാർ സ്വാഗതവും ഖജാൻജി അനിൽകുമാർ നന്ദിയും പറയും.