
ചേർത്തല: സൈക്കിളിൽ കിലോമീറ്ററുകളോളം തപാൽ ഉരുപ്പടികളുമായി സഞ്ചരിച്ച കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമൺ കെ.ആർ.ആനന്ദവല്ലിയമ്മ (90) ഓർമ്മയായി.
മുഹമ്മ തോട്ടുമുഖപ്പിൽ ആനന്ദവല്ലി ആറ് പതിറ്റാണ്ടു മുമ്പ് ആലപ്പുഴ നഗരത്തിൽ സൈക്കിളിൽ യാത്ര ചെയ്ത് കത്തുകളും മറ്റും വിതരണം ചെയ്തിരുന്നത് ആലപ്പുഴക്കാർക്ക് വേറിട്ട കാഴ്ചയായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത ആനന്ദവല്ലി 1964ൽ ആണ് ജോലിയിൽ പ്രവേശിച്ചത്. തത്തംപള്ളി പോസ്റ്റ് ഓഫീസിലായിരുന്നു നിയമനം. കോളേജിൽ പോകാൻ അച്ഛൻ ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ വൈദ്യകലാനിധി കെ.ആർ.രാഘവൻ വാങ്ങി നൽകിയ റാലി സൈക്കിളിലായിരുന്നു കത്ത് വിതരണം. ജോലിക്കിടെ പരിചയപ്പെട്ട മുഹമ്മ തോട്ടുമുഖപ്പിൽ കൊച്ചാപ്പന്റെ മകനും സംസ്‌കൃത അദ്ധ്യാപകനുമായ വി.കെ.രാജനെ വിവാഹം ചെയ്തു. ആലപ്പുഴയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് വുമൺ, ക്ലർക്ക്, പോസ്റ്റ് മിസ്ട്രസ് എന്നിങ്ങനെ ജോലിയിൽ തുടർന്ന ആനന്ദവല്ലിയമ്മ 1991ൽ മുഹമ്മ പോസ്സ്റ്റ് ഓഫീസിൽ നിന്നാണ് വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിൽ കൂടെയുണ്ടായിരുന്ന റാലി സൈക്കിൾ അടുത്ത കാലം വരെ ആനന്ദവല്ലി നിധിപോലെ സൂക്ഷിച്ചിരുന്നു.
അപ്ലൈഡ് ആർട്ടിൽ എം.എഫ്.എ ഒന്നാം റാങ്ക് ജേതാവും ഫോട്ടോഗ്രാഫറുമായ മകൻ ധനരാജിനൊപ്പമായിരുന്നു താമസം. സംസ്കാരം ഇന്നലെ വൈകിട്ട് മുഹമ്മയിലെ വീട്ടുവളപ്പിൽ നടത്തി.