ak
കളക്ടറേറ്റിന് മുകളിലെ ആക്രി കൂമ്പാരം

ആലപ്പുഴ: ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിന്റെ മുകൾ നിലയിൽ കുന്നുകൂടുന്ന ആക്രി ഒഴിപ്പിക്കാൻ നടപടിയില്ല. പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ താത്കാലിക ഓഫീസിനോട് ചേർന്നുള്ള തുറസായ ഭാഗത്ത് ഉപയോഗ ശൂന്യമായ ഫർണീച്ചറുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും വർഷങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്.

തടിയിലും ഇരുമ്പിലും നിർമ്മിച്ച അലമാരകൾ, കസേരകൾ, റാക്കുകൾ തുടങ്ങിയവയാണ് ഏറെയും. പലതും ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒട്ടുമിക്ക തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി. കാലാവധി കഴിഞ്ഞ ഇ - മാലിന്യങ്ങൾ സ്ഥാപന മേലധികാരികൾക്ക് ക്ലീൻ കേരള കമ്പനി വഴി ഒഴിവാക്കാമെന്ന് സർക്കാർ ഉത്തരവുള്ളതാണ്. ഓഫീസ് പരിസരം വ‌ൃത്തിയായി സൂക്ഷിക്കേണ്ട ബാദ്ധ്യത അതത് സ്ഥാപന മേലധികാരികൾക്കുണ്ട്. എന്നാൽ ഇവ ഒഴിവാക്കാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർ നേരിടേണ്ടിവരുന്ന ഓഡിറ്റ് പ്രശ്നങ്ങൾ മുന്നിൽ കണ്ട് പലരും അതിന് മുതിരാറില്ല.

അതേസമയം ചില തദ്ദേശ സ്ഥാപനങ്ങളിലും സർക്കാരിന് കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ പോലും കാലങ്ങളിലായി കമ്മിഷൻ അടിസ്ഥാനത്തിൽ ലേലത്തിൽ പോയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.

# ക്ലീൻ കേരള ഔട്ട്

ഓഡിറ്റിലെ പൊല്ലാപ്പ് ഭയന്നാണ് പല സർക്കാർ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ആക്രി സൂക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ സർക്കാർ ഉത്തരവുകൾ വന്നിട്ടുണ്ട്. പക്ഷേ അത് വേണ്ടവിധം മനസിലാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ല. ഇതിലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി മാലിന്യങ്ങൾ നീക്കം ചെയ്താൽ ഓഡിറ്റ് പരാമർശം വരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൃത്യമായി മറുപടി നൽകാനും സാധിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിയുടെ സേവനം വിനിയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. എൻജിനീയറിംഗ് വിദ്യാർത്ഥികളെ നിയോഗിച്ചാൽ അവരുടെ പഠന പ്രൊജക്ടിന്റെ ഭാഗമായി കേടുപാടുകളധികമില്ലാത്ത ഉപകരണങ്ങളുടെ 'പരിക്ക്' പരിഹരിച്ച് വീണ്ടും ഉപയോഗപ്രദമാക്കാനും സാധിക്കും.