മാവേലിക്കര: നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ-ഓഫീസിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ 9.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ എം.എസ്. അരുൺ കുമാർ എം.എൽ.എ കളക്ടർ വി.ആർ.കൃഷ്ണ തേജയ്ക്ക് കൈമാറി. ഇ ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ട് ഉപയോഗിക്കാൻ ധനവകുപ്പ് അംഗീകാരം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്. സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിൽ തുക കൈമാറിയത് എം.എസ്. അരുൺ കുമാറാണ്.
10 ലാപ്ടോപ്പുകളും 15 പ്രിന്ററുകളുമാണ് വാങ്ങി നൽകിയത്. ഇ ഓഫീസ് കാര്യക്ഷമമാകുന്നത്തോടെ ഫയലുകളുടെ നീക്കം അടക്കമുള്ള പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ സാധിക്കും. മണ്ഡലത്തിൽ ഇനിയും ഇ ഓഫീസിന്റെ ആവശ്യത്തിനായി ഉപകരണങ്ങൾ നൽകുമെന്നും എം.എൽ.എ പറഞ്ഞു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എ.ഡി.എം എസ്.സന്തോഷ് കുമാർ, ഫിനാൻസ് ഓഫീസർ എസ്.ഷിജു, ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, എച്ച്.എസ് രമ്യ എസ്.നമ്പൂതിരി, ഐ.ടി സെൽ കോ ഓർഡിനേറ്റർ എസ്.ഷിബു, മാവേലിക്കര തഹസീൽദാർ ഡി.സി.ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.