ആലപ്പുഴ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളിൽ വിജയദശമിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മഹാനവമി പൂജ നടക്കും. നാളെ രാവിലെ ഏഴിനാണ് പൂജയെടുപ്പ്. എഴരയ്ക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം, കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം, മുല്ലക്കൽ ക്ഷേത്രം, പാട്ടുകുളം ശ്രീരാജരാജേശ്വരി ക്ഷേത്രം, പല്ലന ശ്രീ പോർക്കലി ക്ഷേത്രം, കൈതത്തിൽ ക്ഷേത്രം, തോണ്ടൻകുളങ്ങര ശ്രീമുത്താരമ്മൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിവിധ ഗുരുക്ഷേത്രങ്ങളിലും കൊമ്മാടി ശ്രീനാരായണ ഗുരുസ്മാരക സമിതിയിലും അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരകത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും. കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ എസ്.ഡി.കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. കല്ലേലി ഗോപാലകൃഷ്ണൻ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. മഹാദേവികാട് ത്രാച്ചേരിൽ ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ രാവിലെ 7.30ന് വിദ്യാരംഭത്തോടെ സമാപിക്കും. വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് കാർഷിക സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 8ന് പൂജയെടുപ്പും വിദ്യാരംഭവും. വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.