fund-kaimattam
അഞ്ച് പേരുടെ ചികിത്സക്കായി കടപ്ര ഗ്രാമപഞ്ചായത്തിലെ ജീവൻ രക്ഷാസമിതികൾ ശേഖരിച്ച തുക ആന്റോ ആന്റണി എം.പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന് കൈമാറുന്നു

മാന്നാർ : അഞ്ച് ജീവനുകൾ രക്ഷിക്കാൻ കടപ്ര ഗ്രാമം ഒന്നിച്ചപ്പോൾ ഒരു ദിനം സമാഹരിച്ചത് 50 ലക്ഷം രൂപ. കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണമില്ലാത്ത മൂന്ന് യുവാക്കളുടെയും രണ്ട് യുവതികളുടെയും ജീവൻ രക്ഷിക്കാനാണ് ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലും ഗാന്ധിജയന്തി ദിനത്തിൽ ധനസമാഹരണം നടന്നത്. 60 സ്ക്വാഡുകളിലായി 500ഓളം പേർ ഇതിൽ പങ്കെടുത്തു.

പരുമല കല്ലുവാരത്തിൽ മുകേഷ് (30), കോട്ടയ്ക്കകത്ത് രവിയുടെ മകൻ രഞ്ജിത് (30), പരുമല ഇടയാടി തുണ്ടിയിൽ പ്രമോദ് (48), പരുമല തെക്കേടത്ത് പറമ്പിൽ ശെൽവന്റെ മകൾ മാളൂട്ടി (25), പരുമല നടുവിലെ തോപ്പിൽ ഗോപകുമാറിന്റെ മകൾ ശരണ്യ (34) എന്നിവർക്കാണ് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ അതാത് വാർഡുകളിലെ ജീവൻ രക്ഷാസമിതികളുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം.

പ രുമല ഒൻപതാം വാർഡിൽ പരുമല സെമിനാരി അങ്കണത്തിൽ നടന്ന ചടങ്ങിൽ സെമിനാരി മാനേജർ ഫാ.കെ.വി.പോൾ റമ്പാൻ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വിമലാ ബന്നി, സലിം ടി.ജെ, ഡൊമിനിക് ജോസഫ്, അനൂപ് ഖാൻ, സതീശ്, റിജോ പി.ടി, പ്രബീഷ്, മോനച്ചൻ തോപ്പിൽ, ബേബി, ജോൺസൺ, തങ്കമണി നാണപ്പൻ എന്നിവർ നേതൃത്വം നൽകി. 15 വാർഡുകളിൽ നിന്നും ലഭിച്ച തുക ആന്റോ ആന്റണി എം.പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന് കൈമാറി. ജീവൻ രക്ഷാ സമിതി കൺവീനർ ജോസ് വി.ചെറി അദ്ധ്യക്ഷനായി.