മാന്നാർ: സ്വന്തമായിട്ടുള്ളത് മറ്റുള്ളവർക്ക് കൊടുക്കാനുള്ള വിശാലമനസ് എല്ലാവർക്കും പ്രേരണയും പ്രചോദനവും നൽകുമെന്നും അവർ മനുഷ്യ മനസുകളിൽ എക്കാലവും ജീവിക്കുമെന്നും മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. മാന്നാർ ക്രോഷ്ഠപുരം മാധവ ഗ്രാമ സേവാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ പരിഷത്തിന്റെ ആസ്ഥാന മന്ദിരത്തിനായി സൗജന്യവസ്തു നൽകിയ വിളയിൽ എം.രവീന്ദ്രൻ നായരെയും വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പ്രസിഡന്റ് ഹരിദാസ് വാണില്ലം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രവീന്ദ്രൻ നായരുടെ മകൾ പരേതയായ അഞ്ജന രവീന്ദ്രൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്‌തു.. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ, ബി.എം.എസ് സെക്രട്ടറി സി.ജി ഗോപകുമാർ, ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ എന്നിവർ സംസാരിച്ചു. മാന്നാർ ഖണ്ഡ് സംഘചാലക് എം.എൻ.ശശിധരൻ, മാന്നാർ ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്‌ണൻ എന്നിവർ വിദ്യാർത്ഥികളെ ആദരിച്ചു. സെക്രട്ടറി കെ.ശിവപ്രസാദ് സ്വാഗതവും ട്രഷറർ മഹേഷ്.ജെ.പിള്ള നന്ദിയും പറഞ്ഞു.