ഹരിപ്പാട് : കൊച്ചിയുടെ ജെട്ടി പാലത്തിന്റെ മുകളിൽ നിന്ന് കായലിലേക്ക് ചാടിയയാളെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് 50 വയസ് പ്രായം വരുന്ന ആൾ പാലത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയത്. ഇവിടെ ചൂണ്ടയിട്ടുകൊണ്ടിരുന്നവർ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കണ്ടല്ലൂർ സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. കായംകുളത്തു നിന്നും ഫയർഫോഴ്സ് എത്തി ഉച്ചവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഹരിപ്പാട്.ആലപ്പുഴ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും മുങ്ങൽ വിദഗ്ദ്ധർ അടങ്ങുന്ന സംഘമെത്തി ഇവരോടൊപ്പം ചേർന്ന് വൈകുന്നേരം അഞ്ച് മണി വരെ തിരഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. ഏറ്റം മൂലം ഒഴുക്ക് ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.