t
ആലപ്പുഴ ബീച്ചിലെ ടൂറിസം പദ്ധതികൾ പൊളിയുന്നതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ട്രോളുകൾ

ബീച്ചിലെ ടൂറിസം പദ്ധതികൾ പൊളിയുന്നു

ആലപ്പുഴ: വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയോടെ ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് ആവിഷ്കരിക്കുന്ന ഓരോ പദ്ധതികളും തുടക്കത്തിൽ തന്നെ മുടങ്ങുന്നത് പതിവായതോടെ സോഷ്യൽ മീഡിയകളിൽ ട്രോളുകൾ തിരയടിക്കുന്നു.

പാരാ മോട്ടോർ ഗ്ലൈഡർ മുതൽ ഹോട്ട് എയർ ബലൂൺ വരെ നിരവധി ആശയങ്ങളാണ് ബീച്ചിലെത്തി കരതൊടാതെ പോയത്. 2019 ൽ സ്വകാര്യ സംരംഭകർ ആവിഷ്കരിച്ച അണ്ടർ വാട്ടർ ടണൽ എക്പോ പ്രദർശനമാണ് കുറച്ചുനാളെങ്കിലും സഞ്ചാരികളെ ആകർഷിച്ച് ബീച്ചിൽ വിജയകരമായി അരങ്ങേറിയത്. അതാവട്ടെ അന്നത്തെ നഗരസഭ ഭരണസമിതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുങ്ങുകയും ചെയ്തു. അത്തരമൊരു അണ്ടർ വാട്ടർ ടണലിന് ആലപ്പുഴയിലുള്ള സാദ്ധ്യത പരിശോധിക്കാനോ പരിഗണിക്കാനോ പോലും പിന്നീടാരുമുണ്ടായില്ല.
തുടർന്നാണ് സഞ്ചാരികൾക്ക് ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് എന്ന ആശയവുമായി മറ്റൊരു സ്വകാര്യ സംരംഭകരെത്തിയത്. തുറമുഖ വകുപ്പുമായുള്ള ധാരണകളെ തുടർന്ന് കടലിൽ പാലം സ്ഥാപിക്കാനുള്ള എല്ലാ സാധനങ്ങളും ഇറക്കിയിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് വരെ എത്തിച്ചു. സുരക്ഷാ പ്രശ്നങ്ങൾ വെല്ലുവിളിയായതോടെ സംരംഭകർ നാട് വിട്ടു. കൊവിഡിന്റെ വലിയ ഇടവേളയ്ക്ക് ശേഷം ബീച്ച് വീണ്ടും സജീവമായതോടെയാണ് ഒരേ സമയം നാല് പേർക്ക് 200 അടി വരെ പറക്കാൻ സാധിക്കുന്ന ഹോട്ട് എയർ ബലൂൺ ആലപ്പുഴ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുൻകൈയെടുത്ത് ആവിഷ്കരിച്ചത്. ഇതിന് വെല്ലുവിളിയായി നിൽക്കുന്നത് ശക്തമായ കാറ്റാണ്. കാലാവസ്ഥ അനുകൂലമായാൽ മികച്ച വരുമാന പ്രതീക്ഷയിലാണ് ഡി.ടി.പി.സി.

ഹോട്ട് എയർ ബലൂൺ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കളക്ടർ മടങ്ങിയെത്തിയാലുടൻ പരീക്ഷണ പറത്തലും വിജയിച്ചാൽ സഞ്ചാരികൾക്കുള്ള റൈഡും ആരംഭിക്കും

ഡി.ടി.പി.സി ജില്ലാ സെക്രട്ടറി