മാവേലിക്കര: കണ്ടിയൂർ നവരാത്രി സംഗീതോത്സവ സമിതിയുടെ സുവർണമുദ്ര പുരസ്കാരം ഡോ.സദനം കെ.ഹരികുമാറിന് സമ്മാനിച്ചു. കണ്ടിയൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ കൂടിയ സുവർണ മുദ്ര പുരസ്കാരദാന സമ്മേളനം ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു.
കണ്ടിയൂർ നവരാത്രി സംഗീതോത്സവ സമിതി ഏർപ്പെടുത്തിയ പുരസ്കാരം കർണാടക സംഗീതം, കഥകളി സംഗീതം, കഥകളി അഭിനയം, കഥകളി ഗവേഷണം, ശില്പകല എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.സദനം കെ.ഹരികുമാറിന് മധു ഇറവങ്കര സമ്മാനിച്ചു. 10,008 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കണ്ടിയൂർ നവരാത്രി സംഗീതോത്സവ സമിതി ആണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പ്രസിഡന്റ് മാവേലിക്കര ഗോപകുമാർ അദ്ധ്യക്ഷനായി. മാവേലിക്കര ബാലചന്ദ്രൻ, ഡോ.രവിശങ്കർ, ആർ.മഹാദേവൻ, അഡ്വ.എൻ.നാഗേന്ദ്രമണി, കെ.പി.സുകുമാരൻ, വിജയം വേണഗോപാൽ, പ്രൊഫ. ഡി. പ്രകാശ്, എസ്.രാമചന്ദ്രൻ നായർ, കണ്ടിയൂർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.