
ആവശ്യങ്ങൾ അനവധി, നെല്ലെടുക്കാതെ മില്ലുകാർ
ആലപ്പുഴ: നെല്ലു സംഭരണം സംബന്ധിച്ച് മില്ലുടമകൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സിവിൽ സപ്ളൈസ് അധികൃതർ തയ്യാറാവാത്തതിനാൽ, രണ്ടാം കൃഷിയിറക്കിയ കുട്ടനാട്, അപ്പർ കുട്ടനാട് പാടങ്ങളിലെ കർഷകർ ആശങ്കയിൽ. കൈകാര്യച്ചെലവ് വർദ്ധിപ്പിക്കുക, 15 കോടി കുടിശ്ശിക ഉടൻ നൽകുക, 2017 മുതലുള്ള കൈകാര്യച്ചെലവിന്റെ ജി.എസ്.ടി അടയ്ക്കണമെന്ന നിർദ്ദേശം ഒഴിവാക്കുക, ഔട്ട് ടേൺ റേഷ്യോ സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്‌കരണ തോത് സംബന്ധിച്ച് തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങളിലാണ് മില്ലുടമകൾ മറുപടി കാത്തിരിക്കുന്നത്. ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാവാതെ ഇത്തവണ കരാറിൽ ഒപ്പിടില്ലെന്ന നിലപാടിലാണ് റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ.
മില്ലുടമകൾ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കൃഷിമന്ത്രി അടിയന്തിരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. പാടങ്ങളിൽത്തന്നെ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. സീസണിൽ ആദ്യം കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിന്റെ അവസ്ഥ ഇതായതോടെ ശേഷിക്കുന്ന പാടങ്ങൾ വല്ലാത്ത ഭീഷണിയിലായി. അസോസിയേഷൻ അംഗങ്ങളല്ലാത്ത രണ്ട് മില്ലുടമകൾ കഴിഞ്ഞ ദിവസം കരുവാറ്റ കൃഷിഭവന്റെ പരിധിയിൽ സംഭരണത്തിനെത്തിയത് ആശ്വാസമായി. സെപ്തംബർ 25നാണ് കൊയ്ത്ത് ആരംഭിച്ചത്. ഇന്നലെ വരെ 10 പാടശേഖരങ്ങളിലെ 300 ഹെക്ടറിൽ വിളവെടുപ്പ് നടന്നു.
മഴയിൽ കുതിരുമോ
മില്ലുകാരുടെ കടുംപിടിത്തത്തിനൊപ്പം അപ്രതീക്ഷിത മഴയും കർഷകരെ വലയ്ക്കുകയാണ്. നനയുന്ന നെല്ല് കിളിർക്കാനുള്ള സാദ്ധ്യതയുണ്ട്. അടുത്ത രണ്ട് ദിവസം കനത്ത മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കുട്ടനാട്ടിൽ പത്തോളം പാടശേഖരങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും നെല്ല് സംഭരിക്കാൻ സിവിൽ സപ്‌ളൈസ് കോർപ്പറേഷനുമായി ഒരു മില്ലുപോലും കരാറിൽ എത്തിയിട്ടില്ല. കഴിഞ്ഞ പുഞ്ചയിൽ 54 ഉം രണ്ടാംകൃഷിക്കാലത്ത് 30 ഉം മില്ലുകാർ സംഭരണ രംഗത്തുണ്ടായിരുന്നു.
പ്രതിഷേധം
നെല്ല് സംഭരണത്തിൽ മില്ലുടമകളുമായുള്ള തർക്കം പരിഹരിക്കാൻ ഭക്ഷ്യ, കൃഷി, സഹകരണവകുപ്പ് മന്ത്രിമാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ സമരം നടത്തി. കൊയ്തെടുത്ത നെല്ല് പാടങ്ങളിൽ കൂട്ടിയിടേണ്ടി വരുന്നത് കർഷകർക്ക് താങ്ങാനാവില്ല. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
വിളവെടുപ്പ് പൂർത്തിയായത്
പാടശേഖരങ്ങൾ: 10
വിസ്തൃതി: 300 ഹെക്ടർ
മില്ലുകൾ: രണ്ട്