ആലപ്പുഴ: പലവഴിയിലൂടെ പദ്ധതികൾ പലതു വന്നെങ്കിലും ആലപ്പുഴ നഗരത്തിലെ തെരുവ് വിളക്കുകൾ മിഴിതുറക്കാൻ മടിക്കുന്നു.
ശവക്കോട്ടപ്പാലം മുതൽ കെ.എസ്.ആർ.ടി.സി വരെ വാടക്കനാലിന്റെ ഇരു കരകളിലും സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയാതായിട്ട് നാളേറെയായി. നഗരഹൃദയത്തിൽ വൈ.എം.സി.എയ്ക്കു കിഴക്കുവശത്തുള്ള ബിസ്മി മുതൽ (ചാത്തനാട്-കിടങ്ങാംപറമ്പ് വാർഡുകളുടെ മദ്ധ്യത്തിലൂടെ) വടക്കേ റോഡു വരെ വഴിവിളക്കുകൾ മിക്കവയും നോക്കുകുത്തികളാണ്. സന്ധ്യ മുതൽ പുലർച്ചെ വരെ ഈ ഭാഗത്തുകൂടി യാത്ര വളരെ ദുഷ്‌കരമായി. സ്ത്രീകൾ അടക്കമുള്ള വഴിയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. രാത്രിയിൽ മലമ്പാമ്പ് ഉൾപ്പെടെയുള്ളവയുടെ ഭീഷണിയും പ്രദേശത്തുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രികാല യാത്രയുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
വഴിവിളക്കുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളുടെയും നടത്തിപ്പിന് നഗരസഭ കെ.എസ്.ഇ.ബിയെ ആണ് ചുമതലപ്പെടുത്തുന്നത്. കെ.എസ്.ഇ.ബിയുടെ മെല്ലെപ്പോക്കും ഉദാസീനതയും വഴിവിളക്കുകളുടെ കാര്യത്തിൽ വലിയ വൈതരണിയായിരിക്കുകയാണ്. പല വാർഡുകളിലും എൽ.ഇ.ഡി തെളിയാതെ വന്നതോടെ ജനങ്ങളും കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ നഗരസഭ ഭരണസമിതി തകരാർ പരിഹരിച്ച് വഴിവിളക്കുകൾ തെളിക്കാൻ 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. മുൻ വർഷത്തെ തുക ഉപയോഗിച്ച് ചില വാർഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്. കഴിഞ്ഞ വർഷം 1000 എൽ.ഇ.ഡി ബൾബുകളാണ് നഗരത്തിൽ സ്ഥാപിച്ചത്.
പുതിയ പദ്ധതിക്കും നിലവിലുള്ള ബൾബുകളുടെ അറ്റകുറ്റപ്പണിക്കും തുക മാറ്റിയിട്ടുണ്ട്. മുഴുവൻ പ്രദേശത്തും വഴിവിളക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം
സൗമ്യരാജ്, ചെയർപേഴ്സൺ, നഗരസഭ