opinion

ചില കുടുംബങ്ങൾക്ക് നെഞ്ചുതുളയ്‌ക്കുന്ന വേദനയാണ് വടക്കഞ്ചേരിയിലെ ദാരുണമായ അപകടം.

അപകടത്തിൽ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഈ ജന്മം മറികടക്കാവുന്ന വേദനയാണോ ആ ദുരന്തം സമ്മാനിച്ചത്? നിയമലംഘകരുടെ അഹന്തകൊണ്ടുമാത്രം സംഭവിച്ച അപകടമാണത്.

ഇനിയെങ്കിലും ഇതൊരു പാഠമാകണം. മോട്ടോർ വാഹന വകുപ്പിനും സ്‌കൂൾ അധികൃതർക്കും ഈ ദുരന്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. കോടതികളും മറ്റ് നിയമ സംവിധാനങ്ങളും നിഷ്‌‌കർഷിക്കുന്ന കാര്യങ്ങൾ നടപ്പാക്കണമെങ്കിൽ ഒരു ദുരന്തമുണ്ടാകണമെന്ന ചിന്താഗതിയിലൂടെയാണ് ഇന്നത്തെ സംവിധാനങ്ങളുടെ സഞ്ചാരം. നിയമലംഘനം മാദ്ധ്യമശ്രദ്ധ നേടുമ്പോൾ ഉടനടി കൊട്ടിഘോഷിച്ച് നടപടിക്കിറങ്ങും. പൊതുജനത്തിന്റെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധമാറിയാൽ പെട്ടെന്ന് ഉൾവലിയും. വളവിലും തിരിവിലും പതുങ്ങിനിന്ന് ഹെൽമെറ്റ് വേട്ട നടത്തുക മാത്രമല്ല പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജോലി . നിയമ ലംഘകരായ ടൂറിസ്റ്റ് ബസുകൾക്കെതിരായ നടപടി അനസ്യൂതം തുടരണം. വിനോദയാത്രയ്ക്ക് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാത്രിയിൽ അമിതവേഗതയിൽ അപകടകരമായി പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും പിടികൂടാനും പൊലീസും മോട്ടോർ വാഹനവകുപ്പും ഉണർന്നു പ്രവർത്തിക്കണം. സ്പീഡ് ഗവർണർ പോലുമില്ലാതെ എങ്ങനെയാണ് ഇത്തരം ബസുകൾ നിരത്തിലൂടെ പായുന്നതെന്ന് പരിശോധിക്കുമ്പോൾ വ്യക്തമാകും ഉദ്യോഗസ്ഥരുടെ വീഴ്ചകൾ.

വിനോദയാത്രകൾക്ക് ബുക്ക് ചെയ്യുന്ന ബസുകളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ നേരത്തെ തന്നെ മോട്ടോർ വാഹനവകുപ്പിനെ അറിയിക്കണം. ഇത് നടപ്പായാൽ ഉദ്യോഗസ്ഥർക്ക് വാഹനങ്ങളുടെ വിവരങ്ങളും ജീവനക്കാരുടെ പശ്‌ചാത്തലവും വ്യക്തമായി മനസിലാക്കാൻ കഴിയും. ഇത്തരം പരിശോധനയിലൂടെ വാഹനങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചും ഡ്രൈവർമാർ മുമ്പ് അപക‌‌ടം വരുത്തിയവരാണോ എന്നും തിരിച്ചറിയാം. മോട്ടോർ വാഹനവകുപ്പിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ വിനോദയാത്രകൾക്ക് ബസുകൾ ഉപയോഗിക്കാനാവൂ എന്ന വ്യവസ്ഥ കർശനമായി നടപ്പാക്കണം. ഇക്കാര്യത്തിൽ സ്‌കൂൾ അധികൃതർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം. വലിയ അപകടങ്ങളുണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിക്ക് മാറ്റം വന്നേ മതിയാകൂ. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ടെന്നാണ് വിവരം. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയർ ഹോണുകളുമായി ടൂറിസ്റ്റ് ബസുകൾ നിരത്തുകളിലൂടെ ചീറിപ്പായുന്നത് നിത്യകാഴ്ചയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ നടക്കുന്ന സീസണായതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്‌കൂൾ അധികൃതർ വിമുഖത കാണിച്ചാൽ അവർക്കെതിരെയും നടപടിയുണ്ടാകണം. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ പരിശോധനകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ഇനിയെങ്കിലും നമുക്ക് കഴിയണം. അതിനുള്ള മാർഗങ്ങൾ വളരെ വേഗത്തിൽ പ്രാവർത്തികമാക്കുകയാണ് വേണ്ടത്.

‌ടൂറിസ്‌റ്റ് ബസിന്റെ അമിതവേഗമാണ് ദാരുണമായ അപകടത്തിന് ഇടയാക്കിയതെന്ന് പകൽപോലെ വ്യക്തമാണ്. 97.2 കിലോമീറ്ററായിരുന്നു അപകടസമയത്ത് ബസിന്റെ വേഗത. നിറയെ വിദ്യാർത്ഥികളുമായി ഇത്രയും അമിതവേഗതയിൽ വാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ബസ് ജീവനക്കാർ ചിന്തിച്ചില്ലെങ്കിൽ സ്കൂൾ അധികൃതരും നമ്മുടെ നിയമപാലകരും ചിന്തിക്കണം. അമിതവേഗത ഒഴിവാക്കണമെന്ന് ചില വിദ്യാർത്ഥികൾ പറഞ്ഞപ്പോൾ പരിചയ സമ്പന്നനായ ഡ്രൈവറാണെന്നായിരുന്നു ബസ് ജീവനക്കാരന്റെ മറുപടി. ഒരിക്കലും ഇതനുവദിക്കാൻ ബസിലുണ്ടായിരുന്ന അദ്ധ്യാപകരും തയ്യാറാകരുതായിരുന്നു. ഞൊടിയിടയിലാണ് അപകടങ്ങളിലേക്ക് വഴുതിവീഴുന്നത്. ഈ സന്ദർഭങ്ങളിൽ അമിതവേഗത കൂടിയാകുമ്പോൾ അപകടങ്ങൾ വൻ ദുരന്തത്തിന് വഴിമാറും എന്നത് ആരും മറക്കരുത്.

കുട്ടികളേയും കൊണ്ടുള്ള യാത്രകൾ മാത്രമല്ല, എല്ലാ വിനോദയാത്രകളിലെയും രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുന്നത് ഉചിതമായിരിക്കും. യാത്രയുടെ സമയം നിശ്‌ചയിക്കുമ്പോൾ ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ കർശന നിലപാടെടുക്കണം. റോഡുകളിൽ തിരക്കില്ലാത്തതിനാൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നതിനാലാണ് ബസ് ജീവനക്കാർ രാത്രിയാത്ര തിരഞ്ഞെടുക്കുന്നത്. രാത്രിയിൽ താമസസൗകര്യം ഒരുക്കേണ്ടതില്ലാത്തതിനാലും പലരും ഈ യാത്ര സൗകര്യമെന്ന് കരുതുന്നു. ദാരുണമായ അപകടങ്ങളിൽ പലതും സംഭവിച്ചത് രാത്രിയിലാണെന്ന് ഓർക്കണം.

ഡ്രൈവർമാർ ഉറക്കത്തിലേക്ക് വഴുതാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്ത് രാത്രി ഒമ്പതു മുതൽ പുലർച്ചെ ആറുവരെയുള്ള യാത്ര ഒഴിവാക്കണമെന്നാണ് മോട്ടോർ വാഹനരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇത് തിരിച്ചറിഞ്ഞ് സ്‌കൂൾ അധികൃതർ സമയകാര്യത്തിൽ മാറ്റം വരുത്താൻ തയ്യാറാകണം. ബസ് ജീവനക്കാർ നിശ്‌ചയിക്കുന്ന മുറയ്‌ക്ക് യാത്രകൾ പ്ളാൻചെയ്യുന്ന രീതി ഒഴിവാക്കണം. ആവശ്യത്തിന് വിശ്രമം അനുവദിച്ചുള്ള യാത്രകളായിരിക്കും മനോഹരമെന്നും ഓരോരുത്തരും മനസിലാക്കണം.

ജീവനുകൾ നഷ്ടമാകുമ്പോഴെ സർക്കാർ സംവിധാനങ്ങൾ ഉണരൂ എന്ന അവസ്ഥയ്‌ക്ക് ഇനിയെങ്കിലും മാറ്റമുണ്ടാകണം. വിനോദ യാത്രകൾ നടത്തും മുമ്പ് സ്‌കൂൾ അധികൃതർ ബസുകളുടെ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിന് നൽകണമെന്ന ചട്ടം നിലവിലുണ്ട്. ബസിന്റെ നിയമപരമായ പരിശോധനകൾക്കൊപ്പം സ്‌പീഡ് ഗവർണർ, ജി.പി.എസ്. സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ആർ.ടി.ഒയുടെ പരിശോധനയിൽ വ്യക്തമാക്കാൻ സാധിക്കും. മുളന്തുരുത്തിയിലെ സ്കൂൾ അധികൃതർ വാഹനത്തിന്റെ വിവരങ്ങൾ കൈമാറാത്തതിനാൽ പരിശോധന നടന്നില്ല. ബസിന്റെ സ്‌പീഡ് ഗവർണർ വേർപ്പെടുത്തിയ നിലയിലാണെന്ന് അപകട‌ത്തിന് ശേഷമുള്ള പരിശോധനയിൽ തെളിഞ്ഞു. മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയ ബസിനെതിരെ അഞ്ചു കേസുകൾ നിലവിലുണ്ട്. സ്‌കൂളുകളിൽ നിന്ന് വിനോദയാത്രകൾക്കും പഠനയാത്രകൾക്കും പോകുമ്പോൾ ബസുകളിൽ പ്രത്യേകം ലൈറ്റ്, വാഹനത്തിന് രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഗതാഗത കമ്മിഷണർ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ഇത് കോളേജ്, വിദ്യാഭ്യാസവകുപ്പുകൾക്കും കൈമാറി. എന്നാൽ, ഇക്കാര്യങ്ങളിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തുന്നു. ഒപ്പം നിയമം ലംഘിക്കുന്ന ടൂറിസ്‌റ്റ് ബസുകളുടെ യാത്ര തടയാൻ മോട്ടോർ വാഹനവകുപ്പിനും സാധിക്കുന്നില്ലെന്നതാണ് സത്യം. രൂപമാറ്റം വരുത്തിയ നൂറുക്കണക്കിന് ബസുകളാണ് നിരത്തുകളിലൂടെ ദിവസേന ചീറിപായുന്നത്.

ടൂറിസ്‌റ്റ് ബസുകളെ ഡാൻസിംഗ് ഫ്ളോർ ആക്കരുതെന്നും അനാവശ്യ ലൈറ്റുകളും സൗണ്ട് സിസ്‌റ്റങ്ങളും ഉപയോഗിക്കരുതെന്നും നാലുമാസം മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്ന് വടക്കഞ്ചേരി അപക‌ടം തെളിയിക്കുന്നു. ഉന്നതസ്വാധീനമുള്ള ബസുകൾക്കെതിരെ നടപടിയെടുത്താലും പിഴയടച്ച് ഉടമകൾ രക്ഷപ്പെടുന്നതാണ് രീതി. രൂപമാറ്റം വരുത്തിയത് തത്‌‌കാലത്തേക്ക് നീക്കം ചെയ്യുമെങ്കിലും ദിവസങ്ങൾക്കകം അവ വാഹനങ്ങളിൽ വീണ്ടും ഇടംപിടിക്കും. അപകടത്തിനിട‌യാക്കിയ ബസ് പുറപ്പെടുന്നതിന് മുമ്പ് ചില വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പകർത്തിയ ദൃശ്യങ്ങൾ നിയമലംഘത്തിന്റെ ആഴം വ്യക്തമാക്കുന്നു. വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, ഉച്ചത്തിൽ പാട്ട്, നിരോധിച്ച എയർ ഹോൺ എന്നിവ മുഴക്കിയാണ് വാഹനം പുറപ്പെടുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമായി ടൂറിസ്‌റ്റ് ബസുകൾ നിരത്തിലിറങ്ങിയാൽ മറ്റ് വാഹനങ്ങളെ അപകടത്തിൽപ്പെടുത്താൻ ഇടയാക്കുമെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യണം. വീണ്ടും കുറ്റംചെയ്‌താൽ തടവുശിക്ഷ ഉൾപ്പെടെയുള്ളവ സ്വീകരിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പരാതിപ്പെടാൻ വാട്സ്ആപ്പ് നമ്പർ പ്രസിദ്ധീകരിക്കണമെന്ന നിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചെങ്കിലും ഒന്നും നടപ്പായില്ല. തട്ടേക്കാട് ബോട്ടുദുരന്തം ഇന്നും ആരുടെയും കൺകാേളുകളിൽ നിന്ന് മായുന്നില്ല. അതും നിയമലംഘനങ്ങൾ കൊണ്ടുമാത്രം സംഭവിച്ച ദുരന്തമായിരുന്നു. നമ്മുടെ മക്കളെ ദുരന്തഭൂമിയിലേക്ക് എറിഞ്ഞു കൊടുക്കാതിരിക്കാൻ അധികൃതരെ നിങ്ങൾ വേഗമുണരൂ.