 
ആലപ്പുഴ: ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി ജില്ല സപ്ലൈ ഓഫീസർ ടി.ഗാനാദേവിയുടെ നേതൃത്വത്തിൽ വീട് കയറി നടത്തിയ പരിശോധനയിൽ, അനധികൃമായി കൈവശം സൂക്ഷിച്ച 57 മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുത്തു.
അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്താനായി പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. 39 മുൻഗണന കാർഡുകളും 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കാഴം, അമ്പലപ്പുഴ പ്രദേശങ്ങളിലാണ് വീട് കയറി പരിശോധന നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ അടക്കം മുൻഗണന കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായി കണ്ടെത്തി. എയർ കണ്ടീഷൻ ചെയ്ത വീടുള്ളവരും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവരും ഒന്നിലധികം നാല് ചക്ര വാഹനങ്ങൾ ഉള്ളവരും സബ്‌സിസി കാർഡ് അംഗങ്ങളായി തുടരുന്നതായി പരിശോധനയിൽ തെളിഞ്ഞു. പിടിച്ചെടുത്ത കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റി പിഴ ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ എൽ.സി.സീന, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഷാഹിന അബ്ദുള്ള, വി.ബിജി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.