വള്ളികുന്നം സ്വദേശി ഷാജിയുടെ മൃതദേഹം ഇന്നെത്തിക്കും
ആലപ്പുഴ: സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച വള്ളികുന്നം കാരായ്മ വാർഡ് കണിയാംവയലിൽ ഷാജി രാജന്റെ (50) മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത് ഉത്തർപ്രദേശുകാരൻ അബ്ദുൾ ജാവേദിന്റെ മൃതദേഹം. തെറ്റുപറ്റിയ വിവരം യു.പി പൊലീസിന് ലഭിച്ചതോടെ ഷാജി രാജന്റെ മൃതദേഹം അവിടെ സംസ്കരിക്കുന്നത് തടയാനായി. ഇന്ന് രാവിലെ നാട്ടിലെത്തിച്ച് വൈകിട്ട് സംസ്കാര ചടങ്ങുകൾ നടത്തും.
എംബാം ചെയ്ത് വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ തുറക്കരുതെന്ന് പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നതിനാലാണ് ബന്ധുക്കൾക്ക് തിരിച്ചറിയാനാവാതെ പോയത്. വാരാണസി ഛത്തോലി സ്വദേശിയാണ് അബ്ദുൾ ജാവേദ്. സെപ്‌തംബർ 30 നാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. ഒക്‌ടോബർ ഒന്നിനാണ് ഇവ മാറിപ്പോയ വിവരം കാർഗോ അധികൃതർ അറിയിച്ചത്. ഈ സമയം ഉത്തർപ്രദേശിൽ അബ്ദുൾ ജാവേദിന്റേതെന്ന പേരിൽ ഷാജിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഷാജിയുടെ കുടുംബവുമായി യു.പി പൊലീസ് ബന്ധപ്പെട്ടെങ്കിലും അബ്ദുൾ ജാവേദിന്റെ മൃതദേഹം ഇവിടെ സംസ്‌കരിച്ചിരുന്നു. പിന്നീട് അബ്ദുൾ ജാവേദിന്റെ കുടുംബത്തിൽ നിന്ന് ഷാജിയുടെ മൃതദേഹം ജില്ലാഭരണകൂടം ഏറ്റുവാങ്ങി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
നിർമ്മാണ മേഖലയിൽ ജോലി ചെയ്‌തിരുന്ന ഷാജിയെ രണ്ടരമാസം മുമ്പ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ജൂലായ് 18 നാണ് മരണവിവരം ബന്ധുക്കളറിഞ്ഞത്. രാഗിണിയാണ് ഷാജിയുടെ ഭാര്യ. മക്കൾ: അനഘ, അപർണ, അനുഷ