മാന്നാർ: സാങ്കേതിക വിജ്ഞാന മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ച് ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ സാധ്യമാക്കിയ , മാന്നാർ ഇന്റർനാഷണൽ ഭാരത് ഐ.ടി.ഐ സ്ഥാപകനും പ്രിൻസിപ്പലുമായ ജി.മധു വടശ്ശേരിൽ കുരട്ടിശ്ശേരിയിലമ്മ വിദ്യാകീർത്തി പുരസ്കാരത്തിന് അർഹനായി. നാലു പതിറ്റാണ്ടിലധികമായി മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഭാരത് ഐ.ടി.ഐയ്ക്ക് സംസ്ഥാനത്തെ മികച്ച ഐ.ടി.ഐക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം തുടർച്ചയായി രണ്ടാമതും ലഭിച്ചതാണ് ,മാന്നാർ ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിന്റെ പ്രഥമ വിദ്യാകീർത്തി പുരസ്കാരത്തിന് ജി. മധുവിനെ അർഹനാക്കിയത്. വിജയദശമിദിനത്തിൽ കുരട്ടിശ്ശേരിയിലമ്മ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ കേരളാ ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് .ഉണ്ണികൃഷ്ണൻ 25000 രൂപയും ഫലകവും അടങ്ങിയ പുരസ്ക്കാര സമർപ്പണം നടത്തി. ക്ഷേത്ര സമിതി പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി ശശികുമാർ നമ്പീമഠം, ശിവൻപിള്ള, ഗിരീഷ്, പ്രശാന്ത്, സുരേഷ് ഗീതം തുടങ്ങിയവർ സംസാരിച്ചു.