boat

ആലപ്പുഴ : നഗരത്തിന്റെ മുഖഛായ മാറ്റുമെന്ന് കരുതപ്പെടുന്ന മൊബിലിറ്റി ഹബ് പദ്ധതിയുടെ ഭാഗമായ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ രൂപരേഖ പരിഷ്ക്കരിക്കും. കഴിഞ്ഞ ദിവസം യോഗം ചേർന്ന് ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് രൂപരേഖയിൽ വ്യത്യാസം വരുത്തണമെന്ന നിർദ്ദേശം നിർമ്മാണ ചുമതലയുള്ള ഇൻകെൽ അധികൃതരെ അറിയിച്ചത്. ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ടെർമിനലിന് വള്ളത്തിന്റെ വാലിന്റെ പൊക്കം കുറയ്ക്കുന്നതടക്കമുള്ള സൂക്ഷ്മ നിർദ്ദേശങ്ങൾ ഹെറിറ്റേജ് കമ്മിറ്റി നൽകിയിട്ടുണ്ട്. പുതിയ രൂപരേഖ തയാറാക്കി അനുമതി നേടുകയും, വളവനാട്ടെ ഗാരേജിന്റെ നിർമ്മാണം പൂർത്തിയാവുകയും ചെയ്യുന്ന മുറയ്ക്കാവും ഹബ്ബിന്റെ നിർമ്മാണം ആരംഭിക്കുക. മുൻ ധാരണ പോലെ തന്നെ ബസ് ടെർമിനലും, ഷോപ്പിംഗ് കോംപ്ലക്‌സും ഉൾപ്പടെയാവും ഭീമൻ കെട്ടിട സമുച്ചയം ഉയരുക. ഹബ് പദ്ധതിയിലെ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരിക കെ.എസ്.ആർ.ടി.സിയുടെ കെട്ടിട സമുച്ചയത്തിനാകും. ഗാരേജ് വളവനാട്ട് ആരംഭിച്ചു കഴിഞ്ഞാൽ ബസുകൾക്ക് വന്നുപോകാൻ മാത്രമാകും ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് ഉപയോഗിക്കുക. ബസുകൾ സൂക്ഷിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും വളവനാട്ടെ താത്കാലിക ഗാരേജിലാകും.

ബോട്ട് ജെട്ടി ഉടൻ പൊളിക്കില്ല

മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ ഭാഗമായി ബോട്ട് ജെട്ടി ഉടൻ പൊളിക്കില്ലെന്ന് ഇൻകെൽ അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ബോട്ട് ജെട്ടി ഉൾപ്പെടുന്നത്. അതേസമയം നഗരവികസനത്തിന്റെ ഭാഗമായി ജില്ലാകോടതിപാലം പുനർനിർമ്മിക്കാനുള്ള നടപടികളുടെ ഭാഗമായി ബോട്ട് ജെട്ടി താൽക്കാലികമായി മാറ്റേണ്ടി വരുമെന്ന് പി.ഡബ്യു.ഡി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി.നായർ പറഞ്ഞു. താൽക്കാലികമായി മാറുമ്പോൾ പുതിയ സ്ഥലം സജ്ജമാക്കി നൽകേണ്ടത് പി.ഡബ്ല്യു.ഡിയാണ്.

കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ രൂപരേഖ പരിഷ്ക്കരിക്കണമെന്ന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിർദ്ദേശം ലഭിച്ചു. രൂപരേഖയിൽ മാറ്റം വരുത്താനുള്ള നടപടികൾ ഉടനാരംഭിക്കും. പുതിയ രൂപരേഖയ്ക്ക് അനുമതി ലഭിച്ച ശേഷമാകും നിർമ്മാണം തുടങ്ങാനാവുക

വിജയകുമാർ, പ്രോജക്ട് മാനേജർ, ഇൻകെൽ