ആലപ്പുഴ: സാമൂഹിക മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിൽ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരെ അനുസ്മരിക്കുമെന്ന് ചെയർമാൻ കെ.പി.അനിൽദേവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ കല്ലശ്ശേരി തറവാട്ടിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡി.കാശിനാഥൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമാകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് താഹ ഉദ്ഘാടനം ചെയ്യും. ചിത്രകലാ ക്യാമ്പ് ചിത്രകാരൻ പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഇടയ്ക്കാട് മംഗലം ജ്ഞാനേശ്വരം ക്ഷേത്രമൈതാനിയിൽ നടക്കുന്ന വേലായുധ പണിക്കർ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. കെ.രാജീവൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്ന് മുതൽ കഥകളി, തിരുവാതിര, ഓട്ടൻതുള്ളൽ എന്നിവ നടക്കും. വൈകിട്ട് നാലിന് ചലച്ചിത്ര പിന്നണി ഗായകൻ ഹരീഷ് പുലത്തറ നയിക്കുന്ന ഗാനമേള, വൈകിട്ട് അഞ്ചിന് നടക്കുന്ന ആദരം ചടങ്ങിൽ 'പത്തൊൻപതാം നൂറ്റാണ്ട്' ചരിത്ര സിനിമയുടെ ശിൽപ്പികളെ ആദരിക്കും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.പി അനിൽദേവ് അദ്ധ്യക്ഷത വഹിക്കും. ജി.സുരേഷ് സ്വാഗതം പറയും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ കാലിക പ്രസക്തിയെ കുറിച്ച് സംവിധായകൻ വിനയൻ സംസാരിക്കും. എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ സി.ആർ.മഹേഷ്, സജി ചെറിയാൻ, മുൻ എം.പി സി.എസ്.സുജാത എന്നിവർ സിനിമയുടെ ശിൽപ്പികളെ ആദരിക്കും. ആറാട്ടുപുഴ ജനതയുടെ ആദരവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ ഏറ്റുവാങ്ങും. തുടർന്ന് ഗാനമേള, ക്ലാസിക്കൽ ഡാൻസ് എന്നിവ നടക്കും.വാർത്താസമ്മേളനത്തിൽ സാമൂഹ്യമുന്നേറ്റ മുന്നണി ജനറൽ സെക്രട്ടറി ഡോ. അബ്ദുൾസലാം, സ്വാഗതസംഘം പ്രസിഡന്റ് കെ.രാജീവൻ, സെക്രട്ടറി ജി.സുരേഷ്, ഭാരവാഹികളായ ടി.ജി.സുരേഷ്, യു.ടി.ബിനു ബാബു, രാജേഷ് മുകളിൽ എന്നിവരും പങ്കെടുത്തു.