ആലപ്പുഴ: അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മലിനജല ശുദ്ധീകരണത്തിനും ശാസ്ത്രീയസംസ്‌കരണത്തിനും പ്രാധാന്യം നൽകും. പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചതോടെ നഗരത്തിലെ വെള്ളക്കെട്ടിന് വലിയ പരിഹാരം കാണുവാൻ സാധിച്ചിട്ടുണ്ടെന്ന് ഇന്നലെ ചേർന്ന അടിയന്തര നഗരസഭാ കൗൺസിൽയോഗം വിലയിരുത്തി. മാലിന്യ സംസ്‌കരണവും മലിനജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും, പാരിസ്ഥിതിക, പൊതുജനാരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ഡോ.രതീഷ് മേനോൻ വിഷയം അവതരിപ്പിച്ചു. അമൃത് മിഷൻ ഡയറക്ടർ അരുൺ വിജയ് ഓൺലൈനായി പങ്കെടുത്തു. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഹെൽത്ത് ഗ്രാൻഡ് വിനിയോഗിച്ച് പ്രൈമറി ഹെൽത്ത് സെന്ററുകളെയും അർബൻ വെൽനസ് സെൻററുകളെയും ജീവിതശൈലീ രോഗങ്ങൾ ഉൾപ്പടെയുള്ളവയുടെ പരിശോധനകൾ നടത്താനുതകുന്ന രീതിയിൽ സജ്ജീകരിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി. ഹെൽത്ത് സെന്ററുകളിൽ ആരോഗ്യമേഖല ഗ്രാൻഡ് ഉൾപ്പെടുത്തി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആരംഭിക്കുന്നതിനും പ്രൊജക്ടുകൾ തയ്യാറാക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്‌കരണവും കനാലുകളുടെ ഇരുവശവും കൃഷിക്ക് നിലമൊരുക്കുന്നതിനുമുള്ള സപ്ലിമെന്ററി ഡി.പി.ആറിനും, ലേബർ ബഡ്ജറ്റിനും കൗൺസിൽ അംഗീകാരം നൽകി.

നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, കൗൺസിലർമാരായ ആർ.വിനിത, ബി.മെഹബൂബ്, റഹിയാനത്ത്, ജെസിമോൾ, കൊച്ചുത്രേസ്യാമ്മ ജോസഫ് ,നഗരസഭ സെക്രട്ടറി ബി.നീതുലാൽ, നഗരസഭ എൻജിനീയർ ഷിബു. എൽ .നാൽപ്പാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.