 
വാർഡുതല യോഗങ്ങൾ 13 മുതൽ 25 വരെ നടക്കും
ആലപ്പുഴ: റവന്യു വകുപ്പിന്റെ ഡിജിറ്റൽ സർവേയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കാൻ ഗ്രാമസഭയുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ രൂപീകരിക്കുന്നു. കുട്ടനാട്, ചേർത്തല താലൂക്കുകളിലെ എട്ടു വില്ലേജുകളുടെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെ സഹായത്തോടെ സർവേ സഭകൾ രൂപീകരിക്കുന്ന വാർഡുതല യോഗങ്ങൾ 13 മുതൽ 25 വരെ നടക്കും.
ചേർത്തല താലൂക്കിലെ അരൂർ, എഴുപുന്ന, കടക്കരപ്പള്ളി, കുത്തിയതോട്, പട്ടണക്കാട്, ചേർത്തല നോർത്ത്, കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്, വെളിയനാട് വില്ലേജുകളാണ് ഡിജിറ്റൽ സർവേയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. വാർഡ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ കൂടുന്ന സർവേ സഭകളിൽ ഡിജിറ്റൽ സർവേ വിഭാഗം, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർ പങ്കെടുക്കും. സർവേ നടപടികൾ പൂർത്തിയാവുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഓൺലൈനിൽ ലഭിക്കും.
ഭൂമിസംബന്ധമായ തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും വേഗം പരിഹാരം കണ്ടെത്താൻ സർവേ സഭകൾക്ക് കഴിയും. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കി നിലവിലുള്ള ആശങ്ക അകറ്റുകയാണ് സർവേ സഭയുടെ ലക്ഷ്യം. ഡ്രോണിന്റെയും മറ്റും സഹായത്തോടെ നാലുവർഷം കൊണ്ട് ജില്ലയിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കാനാണ് തീരുമാനം.
കരാർ നിയമനം
എംപ്ളോയ്മെന്റിൽ നിന്നുള്ള ലിസ്റ്റ് അനുസരിച്ച് 72 സർവേയർമാരെയും 143 ഹെൽപ്പർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും. സർവേയർമാരുടെ എഴുത്ത് പരീക്ഷ കഴിഞ്ഞു. ഇന്റർവ്യൂവിന് ശേഷമായിരിക്കും നിയമനം. ഹെൽപ്പർമാരെ കണ്ടെത്താനുള്ള എഴുത്തു പരീക്ഷ അടുത്താഴ്ചയുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കും ഡിജിറ്റൽ സർവേയ്ക്കായി നിയമിച്ചിട്ടുള്ള മറ്റ് റവന്യു ഉദ്യോഗസ്ഥർക്കും പുതിയ സംവിധാനത്തിൽ പരിശീലനം നൽകാൻ 22 മാസ്റ്റർ ട്രെയിനർമാരെ നിയമിച്ചു. സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് മേൽനോട്ടം വഹിക്കുന്നത്.
പൈലറ്റ് സർവേ പൂർണം
ജില്ലയിലെ 93 വില്ലേജുകളിൽ അഞ്ചുവർഷം കൊണ്ട് സർവേ പൂർത്തിയാകും. വർഷം 16 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഓരോ വില്ലേജിലും പരീക്ഷണാർത്ഥം 300 ഹെക്ടറിന്റെ വീതം സർവേ രേഖകളാണ് തയ്യാറാക്കുക. സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് മേൽനോട്ടം വഹിക്കുന്നത്. അമ്പലപ്പുഴ താലൂക്കിലെ രണ്ടും ചേർത്തല താലൂക്കിലെ മൂന്നും വില്ലേജുകളിലാണ് ആദ്യഘട്ടം പൈലറ്റ് റീസർവേ പൂർത്തീകരിച്ചത്.
ഡിജിറ്റൽ സർവേ വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനാണ് സർവേ സഭകൾ രൂപീകരിക്കുന്നത്. 12ന് സർവേ സഭ രൂപീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 13 മുതൽ 25 വരെ ജില്ലയിൽ തിരഞ്ഞെടുത്ത എട്ട് വില്ലേജുകളിൽ സർവേ സഭകൾ രൂപീകരിക്കും
ആർ.സോമനാഥൻ, ഡെപ്യൂട്ടി ഡയറക്ടർ (സർവേ), ആലപ്പുഴ