
ഹരിപ്പാട്: വെള്ളമൊഴുക്കാൻ നിർമ്മിച്ച കനാൽ 9 വീട്ടുകാർക്ക് മൂന്നര പതിറ്റാണ്ടായി വഴിമുടക്കിയിട്ടും പരിഹാരമില്ല.
നഗരസഭയിലെ 13-ാം വാർഡ് അകംകുടി തുണ്ടിൽ ഭാഗത്താണ് പി.ഐ.പി കനാൽ ദുരിതമായിരിക്കുന്നത്. 1984-85 ൽ ഓണാട്ടുകര പ്രദേശത്തെ ഇരിപ്പൂ നിലങ്ങളിലെയും പുരയിടങ്ങളിലെയും കാർഷിക ജലസേചനത്തിനാണ് പമ്പ ഇറിഗേഷൻ പ്രോജക്ട് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി നാട് മുഴുവൻ കനാൽ ശൃംഖലകൾ തീർത്തു. പത്തിയൂരിൽ നിന്ന് ഹരിപ്പാട് ഭാഗത്തേക്കാണ് പ്രധാന കനാൽ നിർമ്മിച്ചത്. ഹരിപ്പാട് ഭാഗം പിള്ളത്തോട്ടിൽ അവസാനിപ്പിക്കുകയും ചെയ്തു. ഈ കനാലിൽ നിന്നുള്ള സബ് കനാലാണ് അകംകുടി തുണ്ടിൽ ഭാഗത്ത് വില്ലനായത്. കനാലിന്റെ ഇരുവശത്തും 150 മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലും നടപ്പാതയുണ്ട്. കാടുകയറിയ നടപ്പാതകൾ വിഷപ്പാമ്പുകളുടെ താവളമായിരിക്കുകയാണ്. വഴിവിളക്കുകളുമില്ല. നടപ്പാതയായി ഉപയോഗിക്കേണ്ട ഭാഗത്ത് സ്റ്റെപ്പുകൾ കെട്ടിയിരിക്കുന്നതിനാൽ ഇവിടം സഞ്ചാരയോഗ്യമല്ല. കനാൽ കെട്ടിന്റെ താഴെ ഭാഗത്തുകൂടി നടക്കാൻ സാധിക്കാത്തതിനാൽ കൊച്ചുകുട്ടികളും സ്ത്രീകളും വൃദ്ധരുമുൾപ്പെടെയുള്ളവർ ആശ്രയിക്കുന്നത് കനാൽ തന്നെയാണ്.
നിരവധി പേർ കാൽ തെറ്റി കനാലിൽ വീണിട്ടുണ്ട്. മാരകമായി പരിക്കേറ്റവരും അനവധി. പ്രദേശവാസിയായ യുവാവ് ഇരു കാലുകളുമൊടിഞ്ഞ് ചികിത്സയിലാണ്. ഈ ഭാഗത്ത് വഴി ഉപയോഗത്തിനായി രണ്ടര മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലും സ്വകാര്യ വ്യക്തി വിലയ്ക്കു വാങ്ങിയിട്ടുണ്ടെങ്കിലും പൊതു ആവശ്യത്തിനായി തുറന്നുകൊടുക്കാറില്ല.
# ഇനി ആർക്കു നൽകും പരാതി
പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ചെങ്ങന്നൂർ, കോഴഞ്ചേരി ഓഫീസുകളിൽ നിരന്തരം കയറിയിറങ്ങി പരാതികൾ നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. നഗരസഭ അധികൃതർക്കും പല തവണ പരാതി നൽകി. സ്ഥലം എം.എൽ.എ കൂടിയായ രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകി. ഇനി ആരെ കാണണമെന്നറിയാതെ വലയുകയാണ് നാട്ടുകാർ.