
അരൂർ: എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ഘണ്ടാകർണ - ദേവീ ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് നാല് പവൻ സ്വർണ്ണം കവർന്നു. വിഗ്രഹത്തിൽ നിത്യപൂജക്ക് ചാർത്തുന്ന ഒരു നെക്ലേസ്, മാല, ചന്ദ്രക്കല എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലെ കീഴ്ശാന്തി വിപിൻ ശാന്തി പുലർച്ചെ 5 ന് ക്ഷേത്ര ശ്രീകോവിൽ തുറക്കുന്നതിനായി ചുറ്റമ്പലത്തിന്റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് ശ്രീകോവിൽ തുറന്നു കിടക്കുന്നത് കണ്ടത്.
ശ്രീകോവിലിന്റെ മുൻവാതിലിൽ പിടിപ്പിച്ചിരുന്ന മണിചിത്രത്താഴ് കമ്പിയ്ക്ക് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. കഴിഞ്ഞ ദിവസം രാത്രി 12 ന് ശേഷമായിരുന്നു മോഷണം നടന്നത്. വെളുത്ത ഷർട്ടും മുണ്ടും മുഖം മൂടിയും ധരിച്ച ഒരാൾ മോഷണം നടത്തുന്ന ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുറത്ത് നിന്ന് ചുറ്റമ്പലത്തിന് മുകളിൽ കയറിയ ശേഷം മോഷ്ടാ വ് താഴെയ്ക്ക് ഇറങ്ങി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചതാകാമെന്നാണ് അനുമാനം. ക്ഷേത്ര ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് അരൂർ പൊലീസ് സംഭവ സ്ഥലത്തെത്തി. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധനയ്ക്ക് എത്തി. രൂർ എസ്.ഐ. ഹാറാൾഡ് ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.