
ആലപ്പുഴ: വട്ടയാൽ വാർഡിൽ വലിയകുളം ജുമാ മസ്ജിദിന്റെ മതിലിനോട് ചേർന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണംകർന്ന തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി സൗത്ത് പൊലീസിന് കൈമാറി. തമിഴ്നാട് കല്ലാടി മേൽപ്പാട് സ്ട്രീറ്റിൽ ശക്തിവേലുവാണ് (38) കുടുങ്ങിയത്. ഇയാളിൽ നിന്ന് 8000 രൂപ കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു മോഷണം. രാവിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് കാണിക്ക വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സമീപത്ത് സംശയകരമായി കണ്ട ശക്തിവേലുവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചികൾ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹജരാക്കിയ ശക്തിവേലുവിനെ റിമാൻഡ് ചെയ്തു.