# വേറിട്ട പ്രചാരണവുമായി കഞ്ഞിക്കുഴി പഞ്ചായത്ത്

ആലപ്പുഴ: നാടാകെ പിടിമുറുക്കുന്ന ലഹരിയുടെ കണ്ണികളെ 'നല്ല നടപ്പി'ലൂടെ തോൽപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 18 വാർഡുകളിലും ഇന്നലെ ഗ്രാമവാസികൾ കൂട്ടമായി നടന്ന് കാമ്പയിന് തുടക്കമിട്ടു.

നല്ല നടപ്പ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. വാർഡിന്റെ ഒരറ്റത്ത് നിന്ന് ആരംഭിച്ച് മറ്റൊരു സ്ഥലത്ത് അവസാനിക്കുന്ന വിധമാണ് കൂട്ട നടത്തം സംഘടിപ്പിച്ചത്. വാർഡുകളിലെ കുടുംബാംഗങ്ങൾ കൂട്ടമായി നടത്തത്തിൽ അണിനിരന്നു. പഞ്ചായത്തിലെ എല്ലാവാർഡുകളിലും ലഹരി വിരുദ്ധ കാമ്പയിൻ അജണ്ടയോടെ ഗ്രാമസഭ യോഗങ്ങൾ ചേർന്നു. എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ ഫാക്കൽട്ടി അംഗങ്ങളും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നയിച്ചു.

വാർഡുകളിൽ ഒരുക്കിയ നല്ലനടപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ, കെ.കെ.കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ, ബാലാവകാശ കമ്മിഷനംഗം ജലജ ചന്ദ്രൻ, ജയസോമ, ഷാജി മഞ്ജരി, ഷാജി ഇല്ലത്ത്, രവി പാലത്തിങ്കൽ, പി.എസ്.ശ്രീലത, സുധ സുരേഷ്, പൊലീസ് - എക്‌സെസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കാളികളായി. വാർഡ് മെമ്പർമാരുടെയും എ.ഡി.എസ് ഭാരവാഹികളും നേതൃത്വത്തിലാണ് നല്ല നടപ്പ് സംഘടിപ്പിച്ചത്.

ലഹരിക്ക് കെണിയൊരുക്കി


# വാർഡുതല സമിതികളുടെ നേതൃത്വത്തിൽ ഹോട്ട്‌ സ്‌പോട്ടുകൾ കണ്ടെത്തും
# ഹോട്ട്‌ സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് രൂപം നൽകും
# കേരളപ്പിറവി ദിനത്തിൽ പതിനായിരം വീട്ടുമുറ്റങ്ങളിൽ കുടുംബ ചങ്ങല തീർക്കും
# കുടുംബചങ്ങലയിൽ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലും

# പ്രതിജ്ഞാ വാചകം അച്ചടിച്ച് വീടുകളിൽ എത്തിക്കും


ലഹരി വിരുദ്ധ കാമ്പയിനിൽ എല്ലാ വിഭാഗം ജനങ്ങളും നേരിട്ട് പങ്കെടുക്കുന്ന വിധമാണ് പഞ്ചായത്ത് പരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്. കലാജാഥകളും ദീപം തെളിക്കലും പൂന്തോട്ട നിർമ്മാണവും പുസ്തക കേന്ദ്രങ്ങളുടെ സ്ഥാപനവുമൊക്കെ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും

അഡ്വ എം. സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്