ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഇന്നലെ ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 61 വാഹനങ്ങളിൽ നിന്നായി 62,000 രൂപ പിഴ ഈടാക്കി.
രണ്ടുദിവസം നടത്തിയ പരിശോധനയിൽ 122 കേസുകളിലായി 1.26 ലക്ഷമാണ് പിഴ ഈടാക്കിയത്. വടക്കാഞ്ചേരിയിൽ ബസ് അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ജില്ലയിൽ ആർ.ടി.ഒ സജി പ്രസാദിന്റെ പരിശോധന കർശനമാക്കിയത്. ചേർത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അപാകതകൾ പരിഹരിച്ച് ബന്ധപ്പെട്ട ആർ.ടി ഓഫീസുകളിൽ വാഹനങ്ങൾ ഹാജരാക്കാനും ഉടമകൾക്ക് നിർദ്ദേശം നൽകി.