മാവേലിക്കര: നഗരസഭ പാർക്കിൽ സ്ഥിതി ചെയ്യുന്ന, 66 വർഷം പഴക്കമുള്ള കോർട്ട് പോസ്റ്റ് ഓഫീസ് പൂട്ടി സാധനങ്ങൾ മാറ്റാനുള്ള നീക്കം നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞു. തപാൽ ഓഫീസിന്റെ സേവനം ഏഴിന് നിറുത്തലാക്കി എന്നു രേഖപ്പെടുത്തി ഡിവിഷൻ സൂപ്രണ്ടിന്റെ നോട്ടീസ് കഴിഞ്ഞ ദിവസമാണു
പതിച്ചത്.
അവധി ദിവസം ടെമ്പോ ട്രാവലറിൽ ലോക്കർ ഉൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യുന്നതറിഞ്ഞു നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസിലർ മനസ് രാജൻ എന്നിവരാണ് ആദ്യം സ്ഥലത്തെത്തിയത്. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, കൗൺസിലർമാരായ
കെ.ഗോപൻ, നൈനാൻ സി.കുറ്റിശേരി, ലത മുരുകൻ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ, ഡി.സി.സി അംഗം കണ്ടിയൂർ അജിത് എന്നിവരും പിന്നാലെയെത്തി സാധനങ്ങൾ കൊണ്ടുപോകുന്നതു തടഞ്ഞു. നഗരസഭ കെട്ടിടത്തിൽ നിന്നു അനുമതിയില്ലാതെ അവധി ദിവസം സാധനങ്ങൾ നീക്കം ചെയ്യുന്നതു ചട്ടവിരുദ്ധമാണെന്നും നഗരസഭയ്ക്കു നൽകാനുള്ള വാടക കുടിശ്ശിക അടയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തപാൽ അസി.സൂപ്രണ്ട് രാജീവ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എസ്.ഐ മുഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിൽ തപാൽ അധികൃതരും ജനപ്രതിനിധികളുമായി ചർച്ച നടത്തി. ഇതോടെ സാധനങ്ങൾ കൊണ്ടുപോകുന്നതു താത്കാലികമായി നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഇന്ന് അധികൃതരുമായി ചർച്ച നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. തപാൽ ഓഫീസിൽ ഉണ്ടായിരുന്ന ലോക്കറുകൾ കോൺക്രീറ്റ് ഭിത്തി ഉൾപ്പെടെ പൊളിച്ചാണ് മുറിക്കുള്ളിൽ എത്തിച്ചത്. മുഴുവൻ സാധനങ്ങളും അകത്തു സുരക്ഷിതമാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കെട്ടിടത്തിനു അറ്റകുറ്റപ്പണി നടത്തിയില്ല, വരുമാനം കുറവാണ് എന്നിവയാണു ഓഫീസ് മാറ്റാൻ കാരണമായി തപാൽ വകുപ്പ് പറയുന്നത്.