photo
മുഹമ്മ-കുമരകം റൂട്ടിൽ പോള ശല്യം ഒഴിവാക്കാൻ ജി.ഐ പൈപ്പുകൾ സ്ഥാപിച്ചു

ആലപ്പുഴ : പോള തിങ്ങിയതോടെ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് സർവീസുകൾ പ്രതിസന്ധിയിലായ മുഹമ്മ - കുമരകം റൂട്ടിൽ, പോള ശല്യം ഒഴിവാക്കാൻ ജി.ഐ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പോള നീക്കം ചെയ്യേണ്ട ജസേചനവകുപ്പ് കൃത്യമായ ഇടപെടൽ നടത്താത്തതിനെത്തുടർന്ന് ജി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയായിരുന്നു.

മുഹമ്മ - കുമരകം റൂട്ടിൽ മുഹമ്മ ബോട്ട് ജെട്ടി ഭാഗത്ത് കായലിലെ ഒഴുക്ക് ശക്തമായതിനാൽ പോള ശല്യത്തിന് കുറച്ച് ആശ്വാസമുണ്ടെങ്കിലും കുമരകം ഭാഗത്തേക്ക് കടക്കുമ്പോൾ സ്ഥിതി രൂക്ഷമായിരുന്നു. കുമരകം-മുഹമ്മ ബോട്ട് സർവീസ് കായൽ മുഖവാരത്തെ കുരിശടിക്ക് സമീപം അവസാനിപ്പിക്കേണ്ട സ്ഥിതിയതോടെയാണ് പഞ്ചായത്ത് നടപടിയുമായെത്തിയത്. പൈപ്പുകൾ സ്ഥാപിച്ചതോടെ ഇവിടെ പോള ശല്യം കുറഞ്ഞു തുടങ്ങി.

ആലപ്പുഴയിൽ നിന്ന് വേണാട്ടുകാട്, കാവാലം,കിടങ്ങറ, ചങ്ങനാശ്ശേരി, കോട്ടയം റൂട്ടുകളിലേക്കുള്ള സർവീസുകളെയും മുഹമ്മയിൽ നിന്ന് കുമരകം, ആക്കത്ത്, കണ്ണങ്കര, നോർത്ത് ജെട്ടി എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളെയും പോളശല്യം ദോഷകരമായി ബാധിക്കാറുണ്ട്. ആലപ്പുഴ -കൃഷ്ണപുരം റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പോളകൾ കയറി ബോട്ടിന്റെ എൻജിനുകൾക്ക് തകരാർ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

പഞ്ചായത്തിന് അഭിനന്ദനം

ബോട്ട് ജെട്ടി കായൽ മുഖവാരത്തെ പോള ശല്യം ഒഴിവാക്കാൻ ജി.ഐ പൈപ്പുകൾ സ്ഥാപിക്കാൻ കുമരകം പഞ്ചായത്ത് സ്വീകരിച്ച നടപടിയെ സ്രാങ്ക് അസോസിയേഷൻ യോഗം അഭിനന്ദിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം, ട്രഷറർ എം.സി.മധുക്കുട്ടൻ, ഡെപ്യൂട്ടി ജനറൻ സെക്രട്ടറി രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ സി.എൻ.ഓമനക്കുട്ടൻ, കെ ആർ.വച, സുധീർ, വൈസ് പ്രസിഡന്റുമാരായ അനൂപ് ഏറ്റുമാനൂർ, അനീഷ് മാൻച്ചിറ, പി.സി.ലാൽ, കിഷോർ കാവാലം, കമ്മറ്റി അംഗങ്ങളായ മനോജ്, ടോൺബി, സബിൻ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ

മുഹമ്മ-കുമരകം റൂട്ടിൽ പോള ശല്യം ഒഴിവാക്കാൻ ജി.ഐ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ