ഒരു മാസം മുമ്പേ പുഞ്ചക്കൃഷി ഇറക്കാൻ കുട്ടനാടൻ കർഷകർ
ആലപ്പുഴ: കഴിഞ്ഞ പുഞ്ചക്കൃഷിക്ക് വേനൽ മഴയൊരുക്കിയ കെണിയിൽ വീണ കുട്ടനാടൻ കർഷകർ ഇക്കുറി ഒരു മാസം മുമ്പേ പുഞ്ചയ്ക്കൊരുങ്ങുന്നു. പതിറ്റാണ്ടുകളായി നവംബർ പകുതിയോടെ ആരംഭിച്ചിരുന്ന കൃഷിക്ക് ഒക്ടോബറിൽ തുടക്കം കുറിക്കാനാണ് ആലോചന.
കൊയ്ത്ത് അടുത്തുവരുമ്പോൾ പതിവായ വേനൽമഴ വൻ നാശമാണ് കർഷകർക്കുണ്ടാക്കുന്നത്. സകല പ്രതീക്ഷകളെയും തകർത്തെറിയുന്ന മഴ കർഷകരെ കടത്തിൽ മുക്കുന്നതും പുനർചിന്തനത്തിന് കാരണമായി. കഴിഞ്ഞ സീസണിൽ വിളവെടുക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അപ്രതീക്ഷിതമായി കനത്ത വേനൽമഴയെത്തിയത്. ഇതിനാൽ, ഒക്ടോബർ അവസാനത്തോടെ വിത പൂർത്തീകരിച്ച് ഫെബ്രുവരിയിൽ വിളവെടുക്കാനാണ് ലക്ഷ്യമിടുന്നത്. 2016 മുതൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പുഞ്ചക്കൃഷി വിളവെടുപ്പ് നടന്നിരുന്നത്.
കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത വേനൽ മഴ കുട്ടനാട്ടിലെ നെൽകൃഷിക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. വേനൽ മഴയും മടവീഴ്ചയും കുട്ടനാട്, അപ്പർ കുട്ടനാട്, കരിനില പാടശേഖരങ്ങളിലെ പുഞ്ചകൃഷി വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ചമ്പക്കുളം, എടത്വ, നെടുമുടി, രാമങ്കരി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിൽ നൂറുമേനി വിളവുള്ള നെൽച്ചെടികൾ പൂർണമായും നിലംപൊത്തിയിരുന്നു.
# താങ്ങാനാവില്ല ഇനി
ഇന്നോ നാളെയോ കൊയ്തെടുക്കാം എന്നു കണക്കുകൂട്ടിയിരുന്ന നെല്ലാണ് കഴിഞ്ഞ വർഷങ്ങളിൽ വേനൽമഴയിൽ കുതിർന്നത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം പ്രഖ്യാപനത്തിൽ ഒതുങ്ങുകയും ചെയ്തു. മഴ മാറാതെ നിന്നപ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലായി. ശക്തമായ പുറംബണ്ട് നിർമ്മിക്കുമെന്ന സർക്കാർ വാഗ്ദാനവും വെളത്തിലെ വരപോലെയായി. കൊയ്ത്തുയന്ത്രങ്ങൾ ഇറക്കാനാവാത്ത അവസ്ഥയായതോടെ പല പാടശേഖരങ്ങളിലെയും കൊയ്ത്ത് ഉപേക്ഷിക്കേണ്ടി വന്നു. ആലപ്പുഴ ജില്ലയോട് ചേർന്നു കിടക്കുന്ന കുട്ടനാടൻ പടശേഖരങ്ങളായ കാരിവട്ടം, മുക്കാട്ടുവാക്ക, അഞ്ചലശേരി, പള്ളം പാടശേഖരങ്ങളും ഇത്തവണ ഒരു മാസം നേരത്തെ കൃഷിയിറക്കാനുള്ള ആലോചനയിലാണ്.
മഴയും വരൾച്ചയും കണക്കിലെടുത്ത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിൽ വിളവിറക്കാൻ ഞാറ്റുവേല കലണ്ടർ നടപ്പാക്കണം. കൃഷിനാശത്തിൽ നഷ്ടം സംഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യണം
ബേബിപാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ