
ആലപ്പുഴ : കോൺക്രീറ്റ് സ്‌പാനുകൾക്കിടയിൽ 60 മണിക്കൂറോളം കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട എട്ടു മാസം പ്രായമുള്ള തെരുവുനായയ്ക്ക് മൃഗസ്നേഹികളുടെ എമർജൻസി റെസ്ക്യു ഫോഴ്സ് രക്ഷകരായി. എ.സി റോഡിൽ കിടങ്ങറ ബസാർ ജംഗ്‌ഷന് സമീപമായിരുന്നു സംഭവം.
കിടങ്ങറ ബസാർ പാലം പൊളിച്ചു പണിയുന്നതിനായി ഇറക്കിയിരുന്ന 20 മീറ്റർ നീളവും 25 ടൺ ഭാരവുമുള്ള കൂറ്റൻ കോൺക്രീറ്റ് സ്പാനുകൾക്കിടയിൽ ശനിയാഴ്ച പുലർച്ചയോടെയാണ് നായ കുടുങ്ങിയത്. രാവിലെ കട തുറക്കാനെത്തിയ പോളയിൽ പെറ്റ് ഷോപ്പ് ഉടമ ആർ.രഞ്ജിത്താണ് നായയെ ആദ്യം കണ്ടത്. തുടർന്ന് രഞ്ജിത്തും പ്രദേശവാസികളും നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭക്ഷണമോ വെള്ളമോ കൊടുക്കാൻ കഴിയാത്ത വിധത്തിലായിരുന്നു നായയുടെ കിടപ്പ്.
റോഡ് നവീകരണ കരാറുകാരെ വിവരം അറിയിച്ചെങ്കിലും സ്‌പാനുകൾ മാറ്റാനായില്ല.ഞായറാഴ്ച വൈകിട്ടോടെ ചങ്ങനാശേരി അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ ഡോഗ് റെസ്ക്യു സംഘത്തിന്റെ നമ്പർ നൽകി മടങ്ങി. നായ കുടുങ്ങിക്കിടക്കുന്ന വീഡിയോ ഡോഗ് റെസ്ക്യു സംഘത്തിന് കൈമാറിയതോടെ ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട കോട്ടയം സ്വദേശി ബിജിലാൽ അറിയിച്ചതനുസരിച്ച് മൃഗസംരക്ഷ പ്രവർത്തക സാലി വർമ്മ നിലമ്പൂരിലുള്ള എമർജൻസി റെസ്ക്യു ഫോഴ്‌സിന് വിവരം കൈമാറി. ഇന്നലെ രാവിലെ 7.30ന് കിടങ്ങറയിലെത്തിയ സംഘം രണ്ടുമണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ ബീമുകൾ അനക്കാതെ ചെറിയ കമ്പികൾ ഉപയോഗിച്ച് പരിക്കുകളില്ലാതെ നായയെ പുറത്തെടുത്തു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശ നിലയിലായിരുന്ന നായയെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തുറന്നുവിട്ടു. ഇ.ആർ.എഫ് അംഗങ്ങളായ ബിബിൻ പോൾ, കെ.എം.അബ്ദുൾ മജീദ്, ഷഹബാൻ മമ്പാട്, ഡെനി എബ്രഹാം, ടി.നജുമുദ്ദീൻ, പ്രദേശവാസികളായ ഗോകുൽ കിടങ്ങറ ആർ.രഞ്ജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.