ചേർത്തല : പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയപ്പോൾ റവന്യൂ വകുപ്പ് അധികൃതർ നിലം നികത്തൽ തടഞ്ഞ് കേസെടുത്തു.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 14 ാം വാർഡിൽ കുണ്ടേലാറ്റ് പാടം നികത്തിലിനെതിരെയാണ് തിങ്കളാഴ്ച നൂറോളം വരുന്ന നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയപാത വികസനത്തിനായി കരാർ ഏറ്റെടുത്തിട്ടുളള കമ്പനി ഇവിടെ വാഹനങ്ങളും യന്ത്റങ്ങളും സൂക്ഷിക്കുന്ന യാർഡ് നിർമ്മിച്ചിരിക്കുകയാണ്. മണലൂറ്റ് യന്ത്റം ഉപയോഗിച്ച് വയലിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പാത ഒരുക്കി. ഇതോടെ നിലം വലിയ കുളമായി മാറി.നെൽകൃഷി നടന്നിരുന്ന ഭൂമി തരം മാറ്റാനായി ഭൂ ഉടമ റവന്യൂ വകുപ്പിന് സമർപ്പിച്ച അപേക്ഷ തളളിയിരുന്നു. എങ്കിലും വയലിന് ചുറ്റും വലിയ ഷീറ്റിട്ട് മറച്ച് നിർമ്മാണം പ്രവർത്തനങ്ങൾ നടത്തികൊണ്ടിരുന്നു.രണ്ടു മാസം മുമ്പ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ വില്ലേജ് ഓഫീസർ എത്തി സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. മോട്ടോർ ഉപയോഗിച്ച് മണലൂറ്റ് തുടങ്ങിയപ്പോഴാണ് നാട്ടുകാർ വീണ്ടും പ്രതിഷേധിച്ചത്. സ്ത്രീകളടക്കമുളളവർ നിലം നികത്തൽ തടയാൻ എത്തി.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ,വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ,സെക്രട്ടറി ഗീതാകുമാരി,കഞ്ഞിക്കുഴി ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,പഞ്ചായത്ത് അംഗം ഷീല പ്രതീഷ് ബെൽ എന്നിവർ നാട്ടുകാർക്ക് പിന്തുണയുമായി നിന്നു. മന്ത്റി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ സന്തോഷിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നിലം നികത്തൽ നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയിട്ടും നാട്ടുകാർ പിന്മാറിയില്ല.മണലൂറ്റാൻ ഉപയോഗിച്ച യന്ത്റങ്ങൾ നീക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.മാരാരിക്കുളം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഭൂ ഉടമയേയും ദേശിയപാത നിർമ്മാണ കമ്പനി അധികൃതരേയും ഡെപ്യൂട്ടി തഹസിൽദാർ വിളിച്ച് വരുത്തി.നിലം നികത്താൻ ഉപയോഗിച്ച മോട്ടോറും മറ്റുപകരണങ്ങളും കസ്റ്റഡിയിൽ എടുത്ത റവന്യൂ വകുപ്പ് അധികൃതർ മഹസർ തയ്യാറാക്കി ഭൂ ഉടമയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തു .