ആലപ്പുഴ: സി.ബി.എല്ലിൽ യു.ബി.സി കൈനകരി തുഴയുന്ന ചുണ്ടൻ വള്ളത്തിന് ഫിറ്റ്‌നസ് ഇല്ലാതിരുന്നിട്ടും ഒഴിവാക്കി മറ്റൊരു ചുണ്ടനിൽ മത്സരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി യു.ബി.സി കൈനകരി ഫാൻസ് ക്ളബ്ബ് രംഗത്തു വന്നു. വള്ളംകളികളിൽ പങ്കെടുക്കുന്ന ക്ളബ്ബുകൾക്ക് മത്സരിക്കാനുള്ള വള്ളം സ്വയം തിരഞ്ഞെടുക്കാനുള്ള അനുമതി നൽകണമെന്ന് ഫാൻസ് ക്ളബ്ബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തുഴച്ചിൽക്കാർ എത്ര മികച്ച പ്രകടനം കാഴ്ച്ച വച്ചാലും വള്ളം നല്ലതല്ലെങ്കിൽ പരാജയം ഉറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ തങ്ങൾക്ക് ലഭിച്ച വള്ളം തുഴച്ചിലിനിടെ മറിയുന്നതായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ടെക്‌നിക്കൽ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ടെക്‌നിക്കൽ കമ്മിറ്റിയിൽ യോഗ്യതയില്ലാത്തവരാണ് കടന്നു കൂടിയിരിക്കുന്നത്.
ഇവരെ പിരിച്ചുവിട്ട് യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കണം. ശനിയാഴ്ച്ച കോട്ടപ്പുറത്ത് നടക്കുന്ന വള്ളംകളി മത്സരത്തിനു മുമ്പായി തങ്ങളുടെ വള്ളം മാറുന്ന കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. വവാർത്താസമ്മേളനത്തിൽ ഫാൻസ് ക്ളബ്ബ് പ്രസിഡന്റ് പ്രമോദ് നാരായണൻ, സെക്രട്ടറി പ്രിജിത് ലാൽ, ട്രഷറർ മാർട്ടിൻ മാത്യു, വിമൽ കുമാർ, ദീപേഷ് കുറുപ്പ് എന്നിവർ പങ്കെടുത്തു.