ആലപ്പുഴ : ഇറ്റലി സ്വദേശിയുടെ നഷ്ടപ്പെട്ട ബാഗ് എഫ്.സി.ഐ ജീവനക്കാർ പൊലീസിന് കൈമാറി. ബീച്ചിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ഡോ. പീയെട്രൊ ഫിക്കോയുടെ ബാഗാണ് നഷ്ടപ്പെട്ടത്. ഇത് സംബന്ധിച്ച് പരാതി ഇദ്ദേഹം ആലപ്പുഴ സൗത്ത് പൊലീസിന് നൽകിയിരുന്നു. പൊലീസ് സംഘം വിദേശി സഞ്ചരിച്ചതായി പറയുന്ന വഴികൾപരിശോധിക്കുന്നതിനിടെയാണ്
ആലപ്പുഴ എഫ്.സി.ഐയിലെ ഡിവിഷണൽ മാനേജർ ബിമൽ ,മാനേജർ രാരീച്ചൻ എന്നിവർ സൗത്ത് പൊലീസിൽ ബാഗുമായെത്തിയത്. എഫ്.സി.ഐ ഗോഡൗണിന് സമീപത്ത് നിന്നുമാണ് ബാഗ് കിട്ടിയത്. തുടർന്ന് സൗത്ത് എസ്.ഐ രജി രാജ് വിദേശിയെ വിളിച്ചുവരുത്തി എഫ്.സി.ഐ ജീവനക്കാരുടെ സാന്നിധ്യത്തിൽ ബാഗ്കൈമാറി. ബാഗിൽ പാസ്പോർട്ട്, എ.ടി.എം കാർഡ്,മരുന്നുകൾ, 50000 രൂപ വിലവരുന്ന വിദേശ കറൻസി എന്നിവ ഉണ്ടായിരുന്നു.