കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നവംബർ 12ന് നടക്കുന്ന കായംകുളം ജലോത്സവം വിപുലമായ പരിപാടികളോടെ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി വള്ളംകളി നടക്കുന്ന കായംകുളം ബോട്ട് ജെട്ടിയും കായലും സജ്ജമാക്കും.

വള്ളംകളി നടക്കുന്ന കായലിൽ ട്രാക്കുകൾ സജ്ജമാക്കുന്നതിനായി ഡ്രജ്ജിംഗ് പ്രവർത്തനങ്ങൾ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ ആദ്യവാരം പൂർത്തീകരിക്കും.40 മീറ്റർ നീളത്തിലുള്ള മൂന്ന് ട്രാക്കുകളാണ് സജ്ജമാക്കുന്നത്.

ജലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും പരിപാടികളും സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ യു.പ്രതിഭ എം.എൽ.എ അധ്യക്ഷയായി.നഗരസഭ ചെയർപേഴ്സൺ പി ശശികല മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ സി.കെ.സദാശിവൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. പവനനാഥൻ, എൽ.ഉഷ, ഷാനി കുരുമ്പോലിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ഭാരാവഹികളായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മന്ത്രി പി.പ്രസാദ്, എ.എം ആരിഫ് എം.പി (രക്ഷാധികാരികൾ), യു. പ്രതിഭ എം.എൽ.എ (ചെയർപേഴ്സൺ), നഗരസഭ ചെയർപേഴ്സൺ പി.ശശികല (വർക്കിംഗ് ചെയർപേഴ്സൺ), ജില്ലാ കളക്ടർ കൃഷ്ണ തേജ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.