bus

കെ.എസ്.ആർ.ടി.സി ബസുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നു

ആലപ്പുഴ : വടക്കാഞ്ചേരി ബസപകടം സൃഷ്ടിച്ച ഞെട്ടലിൽ സംസ്ഥാനത്തെ പല സ്കൂളുകളും ടൂറിസ്റ്റ് ബസുകളോട് ടാറ്റ പറഞ്ഞ്, ഉല്ലാസ യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകൾ തിരഞ്ഞെടുത്തു തുടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും കാതടപ്പിക്കുന്ന ഗാനങ്ങളുമല്ല, സുരക്ഷിതമായ യാത്രയാണ് വേണ്ടതെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നു.

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഉല്ലാസ യാത്ര മുൻകൂട്ടി ആവിഷ്കരിച്ച് നടപ്പാക്കിയതിന്റെ ക്രെഡിറ്റ് ആലപ്പുഴയ്ക്ക് സ്വന്തമാണ്. ജില്ലയിലെ പൈതൃക കേന്ദ്രങ്ങൾ കൂട്ടിയിണക്കി 'ആലപ്പുഴയിലെ കാണാക്കാഴ്ചകൾ' എന്ന പേരിൽ ഈ മാസം 4നാണ് ജില്ലയിൽ വിദ്യാർത്ഥികൾക്കുള്ള ആദ്യ ഉല്ലാസയാത്ര കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ബഡ്ജറ്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്നത്. പത്തോളം ടൂറിസ്റ്റ് സ്പോട്ടുകളാണ് ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ ഉല്ലാസയാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50 വിദ്യാർത്ഥികൾ, എസ്കോർട്ട് അദ്ധ്യാപകർ, പി.ടി.എ പ്രതിനിധി എന്നിവരുൾപ്പടെയാണ് യാത്ര. എട്ട് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ഒരു കുട്ടിക്ക് 300 രൂപയാണ് നിരക്ക്. ആലപ്പുഴ ട്രിപ്പിൽ 50 വിദ്യാർത്ഥികളുടെ ടിക്കറ്റ് തുക മാത്രം അടച്ചാൽ മതിയാകും. എസ്കോർട്ട് അദ്ധ്യാപകർക്കടക്കം പ്രത്യേകം ടിക്കറ്റ് ചാർജ്ജ് നൽകേണ്ടതില്ല.

പ്രയോജനപ്പടുത്താം പാക്കേജുകൾ

സ്വന്തം ജില്ലയ്ക്ക് പുറത്തേക്ക് പോകുവാൻ സ്വാഭാവികമായും കുട്ടികൾക്ക് താത്പര്യമുള്ളതിനാൽ, ഇത്തരത്തിലുള്ള ട്രിപ്പുകൾ തേടി പല സ്കൂളുകളും ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുന്നുണ്ട്. നിലവിൽ വിജയകരമായി നടത്തുന്ന വാഗമൺ, പരുന്തുംപാറ, മലക്കപ്പാറ, മാമലക്കണ്ടം ജംഗിൾ സഫാരി, മൂന്നാർ ട്രിപ്പ് പാക്കേജുകൾ ഇവർക്ക് പ്രയോജനപ്പെടുത്താം. ദിവസങ്ങൾ നീളുന്ന യാത്ര ഒരുക്കാനാവില്ലെങ്കിലും, സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ സമാധാനം സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കുമുണ്ടാകും.

ആലപ്പുഴ പൈതൃക ട്രിപ്പിലെ സ്ഥലങ്ങൾ

 കൃഷ്ണപുരം കൊട്ടാരം

 കാർട്ടൂണിസ്റ്റ് ശങ്കർ കാർട്ടൂൺ മ്യൂസിയം

 വലിയഴീക്കൽ ബീച്ച്

 വലിയഴീക്കൽ പാലം

 ലൈറ്റ് ഹൗസ്

 കുമാരകോടി

 തകഴി സ്മാരകവും മ്യൂസിയവും

 കരുമാടിക്കുട്ടൻ

 മുസാവരി ബംഗ്ലാവ്

 ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും

ഉല്ലാസയാത്രയുടെ വിവരങ്ങൾക്ക് : 9846475874

വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളുടെ വിനോദയാത്ര കെ.എസ്.ആർ.ടി.സി ബസിലാക്കണമെന്ന നിർദ്ദേശം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ ആശയം മാസങ്ങൾക്ക് മുമ്പേ ആവിഷ്ക്കരിക്കാൻ ആലപ്പുഴ ബഡ്ജറ്റ് ടൂറിസം സെല്ലിന് സാധിച്ചു. സുരക്ഷിതയാത്ര ലക്ഷ്യമിട്ട് പല വിദ്യാലയങ്ങളും ഉല്ലാസയാത്രകളുടെ വിവരങ്ങൾ തേടി സമീപിക്കുന്നുണ്ട്

ഷെഫീഖ് ഇബ്രാഹിം, ജില്ലാ കോ ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ