
കായംകുളം : ബക്കറ്റിലെ വെള്ളത്തിൽ വീണ് മൃതപ്രായനായ ഒരു വയസുകാരന് പുനർജന്മമേകി കായംകുളം ഗവ. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും. ഗുരുതരാവസ്ഥയിൽ ഇവിടെ എത്തിച്ച കുഞ്ഞിനെ പ്രാഥമിക ശുശ്രൂഷ നൽകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യഥാസമയം എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.
ചേരാവള്ളി സ്വദേശികളായ ദമ്പതികളുടെ മകനാണ് തിങ്കളാഴ്ച രാവിലെ ബാത്ത് റൂമിലെ വെള്ളത്തിൽ വീണത്. കാണാതായ കുഞ്ഞിനെ അന്വേഷിച്ചു ചെന്നപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി കിടക്കുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ കായംകുളം ഗവ.ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോ.ഷൈലയും പീഡിയാട്രീഷ്യന്മാരായ ഡോ.മിനിമോൾ, ഡോ. ജയന്തി എന്നിവരുമെത്തി പ്രാഥമിക ശുശ്രൂഷ ആരംഭിച്ചെങ്കിലും കുഞ്ഞിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് കണ്ടതോടെ, ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന അനസ്തേഷ്യ വിദഗ്ദ്ധൻ ഡോ.ശ്യാം പ്രസാദ് ഓടിയെത്തി കൃത്രിമ ശ്വാസം നൽകി നില മെച്ചപ്പെടുത്തി.
തുടർന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ഡോ.ശ്യാം പ്രസാദ് ,ഡോ.അനു അഷ്‌റഫ് ,നഴ്സിംഗ് ഓഫീസർ ഷീബ എന്നിവർ കുഞ്ഞിനെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഹെഡ് നഴ്സ് കല ,നഴ്സിംഗ് ഓഫീസർ പ്രിയ,നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവർ സമയോചിതമായി പ്രവർത്തിച്ചു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ഒരേമനസോടെയുള്ള പ്രവർത്തനമാണ് കഞ്ഞിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വന്നത്.
കൂട്ടായ പ്രവർത്തനത്തിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച കായംകുളം ഗവ.ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല ആശുപത്രിയിൽ എത്തി അഭിനന്ദിച്ചു.