 
ചേർത്തല : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന, ബിരുദാനന്തര ബിരുദധാരിയായ യുവതി ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സുമനസുകളുടെ സഹായം തേടുന്നു. ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത്16ാം വാർഡിൽ പനഞ്ചിക്കൽവെളി വീട്ടിൽ അജയന്റെ മകൾ ശ്യാമിലിയാണ് (25) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പി.ജി.കഴിഞ്ഞ് കുട്ടികൾക്കു ട്യൂഷനെടുത്തും പി.എസ്.സി പഠനവുമായി ജീവിക്കുമ്പോഴാണ് ഇരുവൃക്കകളും തകരാറിലായതറിഞ്ഞത്. ഡയാലിസിസിലൂടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.
വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് അവസാനവഴി. അച്ഛൻ അജയൻ തന്റെ വൃക്ക നൽകാൻ തയ്യാറായതോടെ അടുത്ത ദിവസം തന്നെ ഇരുവരുടെയും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിലൊരു ഭാഗം നാടിന്റെ സഹായത്താൽ സമാഹരിച്ചെങ്കിലും ബാക്കി തുക ഇപ്പോഴും നിർദ്ധന കുടുംബത്തിന് മുന്നിൽ ചോദ്യചിഹ്നമാണ്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന, തെങ്ങുകയറ്റ തൊഴിലാളിയായ അജയൻ ശസ്ത്രക്രിയക്കു വിധേയനാകുന്നതോടെ വരുമാനവഴികളെല്ലാം നിലക്കും. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അർത്തുങ്കൽ ശാഖയിൽ 32906682545 (ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എൻ0008593)നമ്പരിൽ ശ്യാമിലിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ 9288172686.