ആലപ്പുഴ: ശ്രീനാരായണഗുരുദേവൻ ചേർത്തലയിൽ സർക്കാർ വിദ്യാലയം സ്ഥാപിക്കാൻ കൈമാറിയ ആശ്രമ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ , കാലതാമസം കൂടാതെ പൂർണമായി സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

ഭൗതിക സാഹചര്യങ്ങളുടെ അഭാവവും കൃത്യമായി സംരക്ഷണ ജോലികൾ ചെയ്യാത്തതും സ്‌കൂൾ കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥക്ക് കാരണമായതായി കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ വ്യക്തമാക്കി. സ്‌കൂൾ സംബന്ധിച്ച വിവരശേഖരണത്തിന് റീജണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാരിനെ അറിയിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1000 ത്തിനടുത്ത് കുട്ടികളും 40 ജീവനക്കാരുമുള്ള സ്‌കൂളിലെ പല കെട്ടിടങ്ങളും പ്രവർത്തനക്ഷമമല്ലെന്ന് സ്‌കൂളിലെ പ്രഥമാദ്ധ്യാപിക സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് മുറി പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന മുറിയിലാണ്. പ്രദേശവാസിയായ പി.രാജേന്ദ്രപ്രസാദ് സമർപ്പിച്ച പരാതിയിലാണ് നടപടി.