ph
കൂട്ടുംവാതുക്കൽ കടവ് പാലം

കായംകുളം : കണ്ടല്ലൂർ - ദേവികുളങ്ങര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെ നിർമ്മിച്ച കൂട്ടുംവാതുക്കൽ കടവ് പാലത്തിന് ഇരുളിൽ നിന്ന് മോചനമാകുന്നു.

75.5 ലക്ഷം രൂപ വിനിയോഗിച്ച് പാലം വൈദ്യുതീകരിച്ച് മനോഹരമാക്കുന്ന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. പി.ഡബ്ള്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജോലികൾ.

നവംബർ പതിനഞ്ചോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യം.

പാലത്തിൽ ലൈറ്റുകളില്ലാത്തതിനാൽ പാലത്തിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യവും വ്യാപകമായിരുന്നു. തീരദേശ വാസികളുടെ അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിലാണ് 40 കോടി രൂപ ചെലവിട്ട് കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മിച്ചത്. 323 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ ഇരുവശങ്ങളിലും നടപ്പാതയും പാലത്തിന്റെ ഇരുകരകളിലും 500 മീറ്റർ വീതം നീളത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ അപ്രോച്ച് റോഡുകളുമുണ്ട്. അഞ്ച് വലിയ ആർച്ചുകളാണ് പാലത്തിലുള്ളത്. പാലമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ടും പാലം ഇരുൾ മൂടിക്കിടന്നത് നാടിന്റെ മറ്റൊരു ദുഃഖമായിരുന്നു. ഇതിനാണ് പരിഹാരമായത്.

പാലം തിളങ്ങാൻ

 5 ആർച്ചുകളിൽ 40ഓളം വ്യത്യസ്തങ്ങളായ കളർ ഹസാഡ് ലൈറ്റുകൾ

 25ഓളം സോളാർ ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റുകൾ

 രണ്ട് മിനി മാക്സ് ലൈറ്റുകൾ

75.5 : വൈദ്യുതീകരണത്തിനുള്ള ചെലവ് 75.5 ലക്ഷം രൂപ

പ്രകാശ പൂരിതമാകുന്നതോടെ പാലം കൂടുതൽ മനോഹരമാകും. സാമൂഹ്യവിരുദ്ധ ശല്യത്തിനും തടയിടാനാകും

-വിശ്വരാജ്, പ്രദേശ വാസി